Saturday, January 25, 2025
General

തെരഞ്ഞെടുപ്പ് റാലിക്കിടെ സ്റ്റേജ് തകര്‍ന്ന് ഒമ്പത് മരണം, 50 ലേറെ പേര്‍ക്ക് പരുക്ക്


മെക്‌സിക്കോയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ സ്റ്റേജ് തകര്‍ന്ന് ഒരു കുട്ടിയുള്‍പ്പെടെ 9 മരണം. 54 പേര്‍ക്ക് പരിക്കേറ്റു. പ്രസിഡന്റ് സ്ഥാനാര്‍ഥി ജോര്‍ജ്ജ് അല്‍വാരസ് മെയ്‌നെസിന്റെ റാലിക്കിടെയാണ് അപകടമുണ്ടായത്.

വടക്കുകിഴക്കന്‍ നഗരമായ സാന്‍ പെഡ്രോ ഗാര്‍സ ഗാര്‍സിയയിലാണ് സംഭവം. ശക്തമായ കാറ്റ് വീശിയതാണ് അപകടത്തിന് കാരണമായത്.
ശക്തമായ കാറ്റുണ്ടാകുമെന്ന് മെക്‌സിക്കോയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മണിക്കൂറില്‍ 70 കിലോമീറ്റര്‍ (മണിക്കൂറില്‍ 43 മൈല്‍) വരെ വേഗതയില്‍ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

തനിക്ക് പരിക്കേറ്റിട്ടിട്ടില്ലെന്ന് ജോര്‍ജ് അല്‍വാരസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് എല്ലാ പ്രചാരണ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്നും എന്നാല്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ സംസ്ഥാനത്ത് തുടരുമെന്നും അല്‍വാരസ് മെയ്‌നെസ് പിന്നീട് വ്യക്തമാക്കി.

54 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും തകര്‍ന്ന സ്റ്റേജിനടിയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മെക്‌സിക്കോയിലെ ന്യൂവോ ലിയോണ്‍ സംസ്ഥാന ഗവര്‍ണര്‍ അറിയിച്ചു. കൂടുതല്‍ ശക്തമായ കാറ്റിനും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ തുടരാന്‍ ഗവര്‍ണര്‍ ഗാര്‍സിയ അഭ്യര്‍ഥി

അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു വലിയ വീഡിയോ സ്‌ക്രീന്‍ ഉള്‍പ്പെടുന്ന ഒരുഭാഗം വേദിയിലേക്കും ആളുകളുടെ ഭാഗത്തേക്ക് വീഴുന്നതും അല്‍വാരസും സംഘവും ജീവരക്ഷാര്‍ഥം ഓടുന്നതും വീഡിയോയില്‍ കാണാം.

മെക്‌സിക്കോ ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ജൂണ്‍ 2നാണ് തെരഞ്ഞെടുപ്പ്. അതിനിടെ രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും മെക്‌സിക്കോയില്‍ വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ, കുറഞ്ഞത് 28 സ്ഥാനാര്‍ഥികളെങ്കിലും അക്രമിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 16 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.


Reporter
the authorReporter

Leave a Reply