Thursday, December 26, 2024
Latest

പിഎഫ്ഐ നേതാക്കളുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ്


കൊല്ലം ജില്ലയിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടന്നു. കരുനാഗപ്പള്ളി, ചക്കുവള്ളി എന്നിവിടങ്ങളിലാണ് എൻ.ഐ.എ സംഘം പരിശോധന നടത്തുന്നത്. ചക്കുവള്ളിയിൽ സിദ്ദീഖ് റാവുത്തർ എന്നയാളുടെ വീട്ടലാണ് പരിശോധന.

പത്തനംതിട്ടയിൽ പി.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ്‌ റാഷിദിന്റെ വീട്ടിൽ പരിശോധന നടക്കുന്നു. സംസ്ഥാന കമ്മിറ്റി അംഗം ആയിരുന്ന നിസാറിന്റെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി. പത്തനംതിട്ടയിൽ റെയ്ഡ് നടക്കുന്ന വീടുകളിൽ നേതാക്കളില്ലെന്നാണ് വിവരം. പത്തനംതിട്ട അടൂർ പഴകുളത്തും എൻഐഎ പരിശോധന നടക്കുകയാണ്. പി.എഫ്.ഐ നേതാവ് സജീവിൻ്റെ വീട്ടിലാണ് പരിശോധന.

കോട്ടയം കാഞ്ഞിരപ്പള്ളിയിലും എൻ.ഐ.എ റെയ്ഡ് നടക്കുകയാണ്. നിരോധിത സംഘടനയായ പി.എഫ്.ഐ യുടെ നേതാവായിരുന്ന സുനീർ മൗലവിയുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ വീട്ടിലാണ് പരിശോധന നടക്കുന്നത്. കേരളാ പൊലീസിൻ്റെ സാന്നിധ്യത്തിലാണ് എൻഐഎ റെയ്ഡ് നടക്കുന്നത്. ഈരാറ്റുപേട്ടയിലും എൻഐഎയുടെ പരിശോധന നടക്കുകയാണ്.

മൂവാറ്റുപുഴയിൽ പി.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി എം.കെ അഷ്റഫിന്റെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പുലർച്ചെ  രണ്ടു മണിയോടെയാണ് ഇവിടെ പരിശോധന തുടങ്ങിയത്. ആലുവയിൽ ഏഴ് കേന്ദ്രങ്ങളിലാണ് പരിശോധന. ചിലയിടങ്ങളിൽ റെയ്ഡ് അവസാനിച്ചു, നേരത്തെ അടച്ചു പൂട്ടിയ പോപ്പുലർ ഫ്രണ്ടിൻ്റെ ചില ഓഫീസുകളും എൻഐഎ സംഘം തുറന്നുപരിശോധിച്ചു.

മലപ്പുറത്തും പോപ്പുലർ ഫ്രണ്ട് മുൻ നേതാക്കളുടെ വീടുകളിൽ പരിശോധന തുടരുകയാണ്. നാലിടങ്ങളിലാണ് ഒരേ സമയം പരിശോധന. മുൻപ് അറസ്റ്റിലായ ദേശീയ പ്രസിഡൻ്റ് ഒഎംഎ സലാമിൻ്റെ സഹോദരൻ്റെ മഞ്ചേരിയിലെ വീട്ടിലും റെയ്ഡ് നടന്നു. ഒരേ സമയം മഞ്ചേരിയിലും കോട്ടയ്ക്കലും വളാഞ്ചേരിയിലും റെയ്ഡ് നടക്കുകയാണ്. മണ്ണാർക്കാട് കോട്ടോപ്പാടത്തും എൻഐഎ പരിശോധന നടക്കുകയാണ്. നാസർ മൗലവി എന്ന വ്യക്തിയുടെ വീട്ടിലാണ് റെയ്ഡ്. മലപ്പുറം സോണൽ പ്രസിഡന്റ്‌ ആയിരുന്നു നാസർ മൗലവി. ഇദ്ദേഹം നാട്ടിലിലെന്നും വിദേശത്താണെന്നുമാണ് വിവരം.

കോഴിക്കോട് ജില്ലയിൽ രണ്ടിടത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. മാവൂരിലും നാദാപുരത്തുമാണ് റെയ്ഡ് നടന്നത്. നാദാപുരത്തെ പി.എഫ്.ഐ പ്രവർത്തകൻ നൗഷാദിന്റെ വീട്ടിൽ എൻഐഎ സംഘം പരിശോധന നടത്തി. കോഴിക്കോട് പാലേരിയിലും എൻഐഎ പരിശോധന നടത്തി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കെ.സാദത്ത് മാസ്റ്ററുടെ വീട്ടിലാണ് പരിശോധന നടക്കുന്നത്.


Reporter
the authorReporter

Leave a Reply