കോഴിക്കോട് : മെഡിക്കൽ കോളേജ് ലക്ചറർ തിയറ്റർ സമുച്ചയത്തിനരികെ സ്ഥാപിച്ച മിയാവാക്കി സൂക്ഷ്മ വനത്തിന് സമീപം പ്രകൃതി ശില്പത്തിന്റെ നിർമ്മാണ പ്രവൃത്തി തുടങ്ങി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഇ വി ഗോപി പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ.ടി ശോഭീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശില്പി ഗുരു കുലം ബാബു, കെ ജി എം സി ടി എ പ്രസിഡന്റ് ഡോ.അജിത് കുമാർ ടി, ഫാർമക്കോളജി അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഗോപകുമാർ തേഞ്ചേരി ഇല്ലം, മെഡിക്കൽ കോളേജ് കാമ്പസ് ബ്യൂട്ടിഫിക്കേഷൻ കമ്മിറ്റി ചെയർമാൻ ഡോ. ജയേഷ് കുമാർ പി ,
നഴ്സിംഗ് ഓഫീസർ വി പി സുമതി, എം സരസ്വതി, സീറോ വേസ്റ്റ് കോ ഓർഡിനേറ്റർ സത്യൻ മായനാട്, മിയാവാക്കി വന നിർമ്മാണ വിദഗ്ധൻ പി ബാബുദാസ് , ദർശനം ജോയിന്റ് സെക്രട്ടറി കെ കെ സുകുമാരൻ , പെരളാൻകാവ് ക്ഷേത്ര പരിപാലന സമിതി സെക്രട്ടറി പി ടി സന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു. ദർശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോൺസൺ സ്വാഗതം പറഞ്ഞു.
2020 ഡിസമ്പർ 29 ന് മേയർ ഡോ.ബീനാ ഫിലിപ്പ് മാവിൻ തൈ നട്ടു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ച മിയാവാക്കി സൂക്ഷ്മ വനത്തിലെ പല വൃക്ഷങ്ങളും 20 അടി വരെ ഉയരം വച്ചിട്ടുണ്ട്.
പ്ലാവിൽ ചക്കയും ഉണ്ടായിക്കഴിഞ്ഞു. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ മാനാഞ്ചിറ അൻസാരി പാർക്കിൽ 40 സ്ക്വയർ മീറ്റർ സ്ഥലത്ത് ഫലവൃക്ഷങ്ങളുടെ മിയാവാക്കി മാതൃക വനനിർമ്മാണത്തിന് ദർശനം സാംസ്കാരിക വേദിക്ക് കോഴിക്കോട് കോർപറേഷൻ കൗൺസിൽ അനുമതി നൽകിയിട്ടുണ്ട്. ഇപ്പോൾ നിർമ്മാണമാരംഭിച്ച പ്രകൃതി ശില്പം രണ്ടു മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് ശില്പി ഗുരുകുലം ബാബു പറഞ്ഞു.