Latest

വാർത്തകൾ ചുരുക്കത്തിൽ

Nano News

◼️വാളയാർ ആൾക്കൂട്ടക്കൊല; സമ്മർദ്ദത്തിനൊടുവിൽ ഏഴാം ദിവസം ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ്, ആൾക്കൂട്ട കൊലപാതകം, എസ്‌സി-എസ്ടി വകുപ്പുകൾ ചുമത്തി*
വാളയാർ ആൾക്കൂട്ടക്കൊലപാതകത്തിൽ സമ്മർദ്ദത്തിനൊടുവിൽ ഏഴാം ദിവസം ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ്. എസ്‍സി – എസ്‍ടി അതിക്രമം തടയൽ, ആൾക്കൂട്ട കൊലപാതകം (ഭാരതീയ ന്യായ സംഹിത 103 (2)) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കേസിൽ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ആദ്യ ദിവസങ്ങളിൽ കൂടുതൽ പ്രതികളെ പിടികൂടാനും മൊബൈൽ ഫോൺ ദൃശ്യങ്ങൾ ശേഖരിക്കുന്നതിലും പൊലീസിന് വീഴ്ച സംഭവിച്ചതായി വിമർശനം ഉയര്‍ന്നു. എന്നാൽ, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു.

◼️അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്*
അസമിൽ വീണ്ടും സംഘർഷം. ഇന്ന് വൈകുന്നേരത്തോടെയാണ് വീണ്ടും സംഘർഷം ഉണ്ടായത്. സംഘർഷത്തെ തുടർന്ന് രണ്ട് പേർ കൊല്ലപ്പെട്ടു. 58 പൊലീസുകാർക്ക് പരിക്കേറ്റു. കർബി ആംഗ്ലോങ്, വെസ്റ്റ് കർബി ആംഗ്ലോങ് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ സംഘർഷത്തെ തുടർന്ന് വിച്ഛേദിച്ചു. ഗോത്ര വിഭാഗത്തിൽ പെട്ടവർക്ക് സ്വയംഭരണ അവകാശമുള്ള പ്രദേശമാണിത്. ഇവിടെ കുടിയേറിയ മറ്റു വിഭാഗങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം കഴിഞ്ഞ ദിവസം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇവിടെ താമസിക്കുന്ന നേപ്പാളി, ബീഹാർ കുടുംബങ്ങളെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ എത്തിയത്.

◼️അഴിമതിക്കേസ്; ജയിൽ ഡിഐജി വിനോദ് കുമാറിന് സസ്പെൻഷൻ*
അഴിമതിക്കേസിൽ പ്രതിയായ ജയിൽ ഡിഐജി എംകെ വിനോദ് കുമാറിന് ഒടുവിൽ സസ്പെൻഷൻ. വൻ തുക കൈക്കൂലി വാങ്ങി ടിപി കേസിലെ പ്രതികൾക്ക് അടക്കം വിനോദ് കുമാർ ജയിലിൽ സുഖസൗകര്യമൊരുക്കിയെന്നായിരുന്നു കണ്ടെത്തൽ. സസ്പെൻഡ് ചെയ്യണമെന്ന് വിജിലൻസ് ഡയറക്ടർ ആവശ്യപ്പെട്ട് നാലു ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്.

◼️എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു; ഒഴിവാക്കിയത് 24, 08,503 പേരെ, പരാതികള്‍ ജനുവരി 22 വരെ നല്‍കാം*
സംസ്ഥാനത്ത് എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in എന്ന വെബ്സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത്. 2,54,42,352 വോട്ടർമാരാണ് പട്ടികയിലുള്ളത്. വോട്ടര്‍ പട്ടികയിൽ നിന്ന് 24, 08,503 പേരെ ഒഴിവാക്കിയിട്ടുണ്ട്. കേരളത്തിൽ 2002-ന് ശേഷം ആദ്യമായാണ് ഇത്രയും വിപുലമായ രീതിയിൽ വോട്ടർ പട്ടിക പുതുക്കുന്നത്. 2,54,42,352 പേരാണ് ഫോം പൂരിപ്പിച്ച് നൽകിയത്. 1,23,83,341 പുരുഷൻമാരും 1,30,58,731 സ്ത്രീകളും പട്ടികയിലുണ്ട്. 280 ട്രാൻസ്ജെൻഡർമാരും കരട് പട്ടികയിലുണ്ട്.

◼️വൻ തുക കുടിശ്ശിക; പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി*
കൊച്ചിയിലെ പൊതുമേഖല സ്ഥാപനമായ എച്ച് എം ടിയുടെ പ്രവർത്തനം അനിശ്ചിത അവസ്ഥയിൽ. കമ്പനി 30 കോടി രൂപ കുടിശ്ശിക വരുത്തിയതോടെ കെ എസ് ഇ ബി വൈദ്യുതി വിച്ഛേദിച്ചതിന് പിന്നാലെയാണ് ഈ സാഹചര്യം. ഈ തുകയ്ക്ക് പകരമായി അഞ്ച് ഏക്കർ ഭൂമി പകരമായി നൽകാമെന്ന് എം എച്ച് ടി വാഗ്ദാനം നൽകിയെങ്കിലും അത് നടപ്പിലായിരുന്നില്ല. ഇതോടെയാണ് കടുത്ത തീരുമാനം കെഎസ് ഇബി സംസ്ഥാന ഓഫീസ് എടുത്തത്. നിലവിൽ യന്ത്രസാമഗ്രികളുടെ ഭാഗികമായ നിർമ്മാണം മാത്രമാണ് കന്പനിയിൽ നടക്കുന്നത്. കന്പനിയുടെ കെടുകാര്യസ്ഥതയ്ക്ക് എതിരെ യൂണിയനുകൾ രംഗത്തെത്തി.

◼️ദീപ്തി മേരി വർഗീസിനെ തഴഞ്ഞു; കൊച്ചി മേയർ പദവി വി കെ മിനി മോളും ഷൈനി മാത്യുവും പങ്കിടും*
2025 തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി നഗരസഭയിലേക്ക് ഡിസംബർ 26ന് നടക്കുന്ന മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതിനിധികളായി വി കെ മിനി മോളെയും ദീപക് ജോയിയെയും തീരുമാനിച്ചു. ആദ്യ രണ്ടര വർഷം വികെ മിനിമോളും ദീപക് ജോയിയും പിന്നീട് വരുന്ന രണ്ടര വർഷക്കാലം മേയറായി ഷൈനി മാത്യുവും ഡെപ്യൂട്ടി മേയറായി കെ വി പി കൃഷ്ണകുമാറിനെയും തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. എല്ലാത്തരം പരിഗണനകൾക്കും ശേഷമാണ് മേയറെ തീരുമാനിച്ചതെന്നും ദീപ്തി മേരി വർഗീസിന്റെ പരാതിയെക്കുറിച്ച് അറിയില്ലെന്നും മുഹമ്മദ് ഷിയാസ് കൂട്ടിച്ചേര്‍ത്തു. ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് നിയുക്ത മേയർ മിനിമോളും പ്രതികരിച്ചു.

◼️’മേയർ പദവി കണ്ടിട്ടല്ല മത്സരത്തിനിറങ്ങിയത്, പാർട്ടിക്ക് ഒപ്പം നില്കും’; കൊച്ചി മേയർ സ്ഥാനം കൈവിട്ടതിന് പിന്നാലെ പ്രതികരിച്ച് ദീപ്തി മേരി വർഗീസ്*
കൊച്ചി മേയറെ തെരഞ്ഞെടുക്കുന്നതല്‍ കെപിസിസി നിർദേശിച്ച മന്ദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ദീപിതി മേരി വർഗീസ്. തർക്കം ഉണ്ടെങ്കിൽ കെപിസിസി നിരീക്ഷകൻ എത്തി പ്രശ്നം പരിഹരിക്കണം എന്നാണ് മാനദണ്ഡം. കോർ കമ്മിറ്റി വിളിക്കുമെന്നാണ് പറഞ്ഞത്. എന്നാൽ വിളിച്ചില്ല. മാനദണ്ഡങ്ങൾ പാലിക്കാത്ത കാര്യം കെപിസിസി പ്രസിഡന്‍റിനോട് അറിയിച്ചിട്ടുണ്ടെന്നും രഹസ്യ ബാലറ്റിലൂടെ കൗൺസിലർമാരുടെ അഭിപ്രായം തേടണമായിരുന്നു, അവസാന നിമിഷം രഹസ്യ ബാലറ്റ് ഒഴിവാക്കിയത് എന്തിനാണ്? കൗൺസിലർമാരുടെ പിന്തുണയിൽ നിലവിൽ പുറത്തുവന്ന കണക്ക് വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം. പ്രഖ്യാപനത്തിന് മുൻപ് ആശയവിനിമയം നടത്തിയില്ല. കൂടുതൽ കൂടിയാലോചനകൾ ഉണ്ടാകണമായിരുന്നു എന്നും ദീപ്തി പറഞ്ഞു.

◼️ശബരിമല സ്വർണക്കൊള്ള: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ക്രിസ്തുമസ് അവധി കഴിഞ്ഞ് പരിഗണിക്കുമെന്ന് ഹൈക്കോടതി*
ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ അടക്കമുള്ളവർ നൽകിയ ഹർജി ഹൈക്കോടതി ക്രിസ്തുമസ് അവധി കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. കേസ് ഏറ്റെടുക്കാൻ ഒരുക്കമെന്നാണ് സിബിഐ നിലപാട്. ഹർജി പരിഗിക്കുമ്പോൾ ഇക്കാര്യം കോടതിയെ അറിയിക്കും. ഇതിനിടെ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും പോറ്റിയുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നും ചൂണ്ടി കേസിൽ കക്ഷി ചേരാനുള്ള അപേക്ഷയും ഹൈക്കോടതിയ്ക്ക് മുന്നിലെത്തി.

◼️’ഗവർണറുമായി ഏറ്റുമുട്ടാനില്ല’, നയം മാറ്റം സമ്മതിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി; വിസി നിയമനത്തിലെ സമവായത്തിന് പിന്നാലെ വിശദീകരണം*
ഗവർണറുമായി ഏറ്റുമുട്ടാനില്ലെന്ന് വ്യക്തമാക്കി ഉന്നതവിദ്യാഭ്യാസമന്ത്രി. വിസി നിയമനത്തിൽ ഗവർണറുമായി സർക്കാർ സമവായത്തിലെത്തിയതിന് പിന്നാലെയാണ് നയം മാറ്റം മന്ത്രി തന്നെ സമ്മതിക്കുന്നത്. ഭരണപക്ഷ പ്രതിനിധികൾ സഹകരിച്ചതോടെ കെടിയുവിൽ ഇന്ന് ബജറ്റ് പാസാക്കി. കേരള രജിസ്ട്രാർ സ്ഥാനത്ത് നിന്ന് കെ എസ് അനിൽകുമാറിനെ മാറ്റിയത് ഒത്തുതീർപ്പിന്‍റെ ഭാഗമല്ലെന്നാണ് ആർ ബിന്ദുവിന്‍റെ വിശദീകരണം. അനിൽകുമാറിന്‍റെ അപേക്ഷയിലാണ് നടപടി എന്ന് മന്ത്രി പറയുന്നു. 14 മാസത്തിന് ശേഷമാണ് സാങ്കേതിക സർവകലാശാലയിൽ സമാധാന അന്തരീക്ഷത്തിൽ ബോർഡ് ഓഫ് ഗവേഴ്നസ് യോഗം ചേർന്നത്.

◼️വാതിലടച്ച് കോൺഗ്രസ്; ഇങ്ങോട്ട് ആവശ്യപ്പെട്ടാലും ഇനി യുഡിഎഫിൽ അംഗമാക്കില്ലെന്ന് പ്രഖ്യാപനം; വിഷ്‌ണുപുരം ചന്ദ്രശേഖരൻ വഞ്ചിച്ചെന്ന് വിലയിരുത്തൽ*
എൻഡിഎ ഘടകകക്ഷി വിഎസ്‌ഡിപിയെ ഇനി യുഡിഎഫിൻ്റെ ഭാഗമാക്കില്ലെന്ന് കോൺഗ്രസ്. യുഡിഎഫ് പ്രവേശനത്തിനായി വിഷ്ണുപുരം ചന്ദ്രശേഖരൻ ചർച്ച നടത്തി വഞ്ചിച്ചെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം. ഇനി യുഡിഎഫിൻ്റെ ഭാഗമാകാൻ വിഷ്‌ണുപുരം ചന്ദ്രശേഖരൻ താത്പര്യം പ്രകടിപ്പിച്ചാലും മുന്നണിയുടെ ഭാഗമാക്കില്ല. എൻഡിഎയിൽ കൂടുതൽ പരിഗണന കിട്ടാനായി വിലപേശൽ നാടകം നടത്തുകയായിരുന്നു ചന്ദ്രശേഖരനെന്നാണ് കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നത്.

◼️ഭക്ഷണം കൊടുക്കാൻ അതി വേഗത വേണ്ട, അപകടകരമായ ‘ഡെലിവറി’ ഓട്ടം ഇനി വേണ്ട! പൂട്ടിട്ട് എംവിഡി, ഭക്ഷണ വിതരണ കമ്പനികൾക്ക് നോട്ടീസ്*
ഇരുചക്ര വാഹനങ്ങളിൽ അപകടകരമായ രീതിയിലുള്ള ‘ഡെലിവറി’ ഓട്ടത്തിന് പൂട്ടിടാൻ മോട്ടോർ വാഹന വകുപ്പ്. ഇരുചക്രവാഹനങ്ങളിലെ ഡെലിവറി ഏജന്റുമാരുടെ അപകടകരമായ ഓട്ടവും അമിതവേഗതയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഭക്ഷണ വിതരണ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയെന്ന് എം വി ഡി വ്യക്തമാക്കി. വിതരണക്കാർ വണ്ടിയോടിക്കുമ്പോൾ സൂക്ഷിക്കണമെന്നാണ് ഭക്ഷണ വിതരണ കമ്പനികളോട് എം വി ഡി ആവശ്യപ്പെട്ടിരിക്കുന്നത്.

◼️കൊളസ്ട്രോള്‍ മറച്ചു വച്ചുവെന്ന് ഇൻഷുറൻസ് കമ്പനി, അങ്ങനെയൊരു ചോദ്യമേ ഉണ്ടായില്ലെന്ന് അങ്കമാലി സ്വദേശി; 33 ലക്ഷത്തിന്‍റെ ക്ലെയിം നല്‍കാന്‍ വിധി*
ഗുരുതര രോഗപരിരക്ഷ ഇന്‍ഷുറന്‍സ് പോളിസി പ്രകാരം ക്ലെയിം ലഭിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ നിരസിച്ച നടപടി പുനപരിശോധിച്ച് 33 ലക്ഷം രൂപ 8% പലിശസഹിതം നല്‍കാന്‍ ഉത്തരവിട്ട് എറണാകുളം സ്ഥിരം ലോക് അദാലത്ത്. മാക്സ് ബൂപാ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയോടാണ് നിർദേശം. അങ്കമാലി മേക്കാട് അരീക്കല്‍ പോളി ഏലിയാസ് സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ഡോ. സലീന വി. ജി നായര്‍ ചെയര്‍പേഴ്സണും, ഷാനവാസ് ടി.കെ അംഗവുമായുള്ള അദാലത്തിന്‍റെ ഉത്തരവ്. ഫെഡറല്‍ ബാങ്കില്‍ നിന്നും എടുത്ത ഭവന വായ്പക്ക് ഉറപ്പിനായി ബാങ്ക് ഏര്‍പ്പെടുത്തിയതായിരുന്നു ഇന്‍ഷുറന്‍സ് പരിരക്ഷ. വായപക്കാര്‍ക്ക് ഗുരുതര രോഗം ഉണ്ടായാല്‍ പരിരക്ഷ ഉറപ്പാക്കുന്നതായിരുന്നു പോളിസി മാനദണ്ഡങ്ങൾ.

◼️നീ എന്ന് വിളിച്ചത് ചോദ്യം ചെയ്തു, പിന്നാലെ അതിക്രമം; രോഗിയെ മർദിച്ചതിന് ഡോക്ടർക്ക് സസ്പെൻഷൻ*
ഷിംലയിലെ മെഡിക്കൽ കോളേജിൽ രോഗിയെ മർദിച്ച സംഭവത്തിൽ ഡോക്ടറെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു. ഷിംല ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിലെ ഡോക്ടർ രാഘവ് നരൂലയെയാണ് സസ്പെൻഡ് ചെയ്തത്. ചികിത്സയ്ക്കെത്തിയ അർജുൻ പൻവാറിന്റെ പരാതിയിൽ പൊലീസ് ഡോക്ടർക്കെതിരെ കേസെടുത്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ എത്തിയതായിരുന്നു അർജുൻ പൻവാർ. ബ്രോങ്കോസ്കോപ്പിക്ക് ശേഷം കട്ടിലിൽ വിശ്രമിക്കുകയായിരുന്ന അർജുനോട് പരിശോധനയ്ക്ക് എത്തിയ ഡോക്ടർ രാഘവ് നരൂല മോശമായി സംസാരിച്ചു എന്നാണ് ആരോപണം.

◼️പക്ഷിപ്പനി; പച്ചമാംസം കൈകാര്യം ചെയ്യുന്നവര്‍ മാസ്‌ക് ധരിക്കണം, മാംസവും മുട്ടയും നന്നായി വേവിക്കണം, ജാഗ്രത നിർദ്ദേശം*
കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി (എച്ച്5 എന്‍1) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കേരളത്തില്‍ പക്ഷിപ്പനി ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും മുന്‍ കരുതലുകള്‍ ആവശ്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഫീല്‍ഡ് തലത്തില്‍ ജാഗ്രത പാലിക്കണം. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം.

◼️മണ്ഡലപൂജ; 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും*
മണ്ഡല പൂജയോടനുബന്ധിച്ച് ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന ഡിസംബർ 26ന് 30000 പേരെയും മണ്ഡലപൂജ നടക്കുന്ന ഡിസംബർ 27ന് 35000 പേരെയുമേ വെർച്വൽ ക്യൂ വഴി അനുവദിക്കുകയുള്ളൂ. രണ്ടു ദിവസങ്ങളിലും സ്‌പോട്ട് ബുക്കിംഗ് 2000 ആയി നിജപ്പെടുത്തിയെന്ന് അറിയിപ്പ്. തങ്ക അങ്കി ഘോഷയാത്ര എത്തുന്ന ദിവസം സന്നിധാനത്തേക്കുള്ള ഭക്തരുടെ നീക്കത്തിലും ക്രമീകരണം ഏർപ്പെടുത്തും. മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്കു ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ചൊവ്വാഴ്ചയാണ് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടത്. ഘോഷയാത്ര 26ന് രാവിലെ 11ന് നിലയ്ക്കൽ ക്ഷേത്രത്തിലും ഉച്ചയ്ക്ക് 1.30ന് പമ്പയിലും ദീപാരാധനയ്ക്കു മുമ്പു സന്നിധാനത്തും എത്തും. 26ന് രാവിലെ 9 മണിക്കുശേഷം നിലയ്ക്കൽനിന്നും 10 മണിക്കുശേഷം പമ്പയിൽ നിന്നും ഭക്തരെ സന്നിധാനത്തേക്കു വിടില്ല. ഘോഷയാത്ര ശരം കുത്തിയിലെത്തിയ ശേഷമായിരിക്കും ഭക്തരെ പമ്പയിൽ നിന്നു കടത്തിവിടുന്നത് പുനരാരംഭിക്കുക.


Reporter
the authorReporter

Leave a Reply