Saturday, November 23, 2024
General

നവീന്‍ ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടറുടെ മൊഴിയെടുത്തു


കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴി രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ ടൗണ്‍ എസ്.എച്ച്.ഒ കഴിഞ്ഞ ദിവസം രാത്രി കലക്ടറുടെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് മൊഴിയെടുത്തത്.

നവീന്‍ ബാബുവിനെതിരെ ദിവ്യ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ കലക്ടര്‍ അത് തടഞ്ഞില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. പരിപാടിയില്‍ പങ്കെടുത്ത എ.ഡി.എമ്മിന്റെ ഓഫിസ് ജീവനക്കാരുമാണ് കലക്ടര്‍ക്കെതിരെ മൊഴി നല്‍കിയത്. ദിവ്യ നടത്താനിരുന്ന പരാമര്‍ശം സംബന്ധിച്ച് കലക്ടര്‍ക്ക് നേരത്തെ അറിയാമായിരുന്നുവെന്നും അതിനാലാണ് അദ്ദേഹം പ്രതികരിക്കാതിരുന്നതെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു.

റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയ അന്വേഷണ ഉദ്യോഗസ്ഥ എ. ഗീത ഐ.എ.എസ് കണ്ണൂരിലെത്തി അരുണ്‍.കെ. വിജയന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നാണ് റവന്യൂ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. എ.ഡി.എം സ്വീകരിച്ചത് നിയമപരമായ നടപടികളാണെന്നും ടൗണ്‍ പ്ലാനിങ് റിപ്പോര്‍ട്ട് തേടിയത് റോഡിന് വളവുണ്ടെന്ന പൊലിസ് റിപ്പോര്‍ട്ടിലാണെന്നും ഇതില്‍ പറയുന്നുണ്ടെന്നാണ് സൂചന. ലാന്‍ഡ് റവന്യൂ ജോ.കമ്മിഷണറുടെ റിപ്പോര്‍ട്ട് ഉടന്‍ റവന്യൂ വകുപ്പിന് കൈമാറിയേക്കും.

അതേസമയം ലാന്‍ഡ് റവന്യൂ ജോ.കമ്മിഷണര്‍ക്ക് പി.പി ദിവ്യയുടെ മൊഴിയെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് കലക്ടറാണെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യ ഉന്നയിച്ചിരുന്നു. ഈ ചടങ്ങിലാണ് ദിവ്യ എ.ഡി.എമ്മിനെതിരെ അധിക്ഷേപവും അഴിമതി ആരോപണവും ഉന്നയിച്ചത്. എന്നാല്‍ താന്‍ ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും പരിപാടിയുടെ സംഘാടകന്‍ താനല്ലെന്നും കലക്ടര്‍ വ്യക്തമാക്കിയിരുന്നു.


Reporter
the authorReporter

Leave a Reply