കോഴിക്കോട്:മുപ്പതാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ സംസ്ഥാനതല മത്സരങ്ങള്‍ക്ക് തുടക്കമായി. കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സില്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ എം. കെ. ജയരാജ് സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ജില്ലാതല മത്സരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 108 ടീമുകളാണ് ബാലശാസ്ത്ര കോൺഗ്രസ്സിൽ പങ്കെടുത്തത്. സീനിയർ വിഭാഗത്തിൽ 63 ടീമുകളും ജൂനിയർ വിഭാഗത്തിൽ 45 ടീമുകളുമാണ് പങ്കെടുത്തത്. മൊത്തം 89 പെൺകുട്ടികളും 19 ആൺകുട്ടികളും മത്സരത്തിൽ മാറ്റുരച്ചത്. തെരഞ്ഞെടുക്കപ്പെടുന്ന 16 കുട്ടികൾക്ക് ജനുവരിയിൽ അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ബാല ശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. മികച്ച രണ്ടു പ്രൊജക്റ്റുകൾ ജനുവരിയിൽ നാഗ്പൂരിൽ നടക്കുന്ന ഇന്ത്യൻ സയൻസ് കോൺഗ്രസ്സിൽ പങ്കെടുക്കും.
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 10 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്കിടയില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനോടൊപ്പം നിത്യജീവിതത്തില്‍ ശാസ്ത്രത്തെ ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള പരിശീലനം ലഭ്യമാക്കുകയാണ് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.
ചടങ്ങില്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഉപാധ്യക്ഷനും, സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ പ്രൊഫ. കെ. പി. സുധീര്‍ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കോർഡിനേറ്റർ ഡോ പി ഹരിനാരായണൻ ദേശീയ ബാല ശാസ്ത്ര കോൺഗ്രസിനെ കുറിച്ച് വിശദീകരിച്ചു. മെമ്പർ സെക്രട്ടറി ഡോ എസ് പ്രദീപ് കുമാർ സ്വാഗതവും പ്രിൻസിപ്പാൾ സയന്റിസ്റ്റ് ഡോ. എൻ.എസ്. പ്രദീപ് നന്ദിയും പറഞ്ഞു.
സമാപന സമ്മേളനം നാളെ (ഡിസംബര്‍ 9 ന്) വൈകുന്നേരം മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍ ഉദ്ഘാടനം ചെയ്യും. ദേശീയതലത്തിലേക്ക് കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ വിതരണം ചെയ്യും.