നന്മണ്ട: ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷനിൽ എൻ ഡി എ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. മുൻ നന്മണ്ട ഗ്രാമപഞ്ചായത്ത് അംഗം ഗിരിജ വലിയപറമ്പിലാണ് സ്ഥാനാർത്ഥി. ബി ജെ പി ജില്ലാ പ്രസിഡന്റ് വി.കെ സജീവനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്
രാഷ്ട്രീയ സാമൂഹിക പ്രവർത്തന രംഗത്തെ നിറസാന്നിധ്യമായ ഗിരിജ വലിയപറമ്പിൽ ബിജെപി എലത്തൂർ നിയോജക മണ്ഡലം സെക്രട്ടറിയാണ്. ഭാരതീയ മസ്ദൂർ സംഘത്തിലൂടെ പൊതു പ്രവർത്തന രംഗത്തേക്ക് കടന്നു. 2015ൽ നന്മണ്ട ഗ്രാമ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏഴാം വാർഡിൽ നിന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി തോട്ടായി റസിയയെ പരാജയപ്പെടുത്തിയാണ് ഭരണ രംഗത്തേക്ക് ചുവട് വെച്ചത്. നന്മണ്ട ഗ്രാമ പഞ്ചായത്തിലെ എൽ ഡി എഫിന്റെ ജനദ്രോഹ ഭരണത്തിനെതിരെ യുഡിഎഫ് അംഗങ്ങൾ പോലും മൗനം പാലിച്ചപ്പോൾ പഞ്ചായത്ത് ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ്. നന്മണ്ട ഏഴാം വാർഡിലെ വലിയപറമ്പിൽ സുകുമാരനാണ് ഭർത്താവ്. മകൻ: അനുശ്യാം. ഇരിങ്ങൽ സ്വദേശിയായ ഗിരിജ ശ്രീ സുബ്രഹ്മണ്യ സ്കൂൾ, ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരക്കാർ സ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസവും സ്വകാര്യ കോളേജിൽ നിന്ന് പ്രീഡിഗ്രിയും പൂർത്തിയാക്കിയിട്ടുണ്ട്.