നന്മണ്ട: അധികാര വികേന്ദ്രീകരണം വെറും പൊള്ളയായ വാഗ്ദാനം മാത്രമാണെന്നും കേരളത്തിൽ പഞ്ചായത്ത് രാജ് സംവിധാനം അട്ടിമറിക്കാൻ പിണറായി സർക്കാർ ശ്രമിക്കുന്നുവെന്നും ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ.കെ ശ്രീകാന്ത് പറഞ്ഞു.
ജില്ലാപഞ്ചായത്ത് നന്മണ്ട ഡിവിഷൻ എൻ ഡി എ തെരഞ്ഞെടുപ്പ് കൺവൻഷൻ നന്മണ്ട പതിമൂന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കാനുള്ള ഭരണഘടനാപരമായ ചുമതല നിറവേറ്റുന്നതിൽ പിണറായി സർക്കാർ പരാജയപ്പെട്ടു. ഇരു മുന്നണികളും കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാപഞ്ചായത്ത് നന്മണ്ട ഡിവിഷനിൽ അടിച്ചേൽപ്പിച്ച ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ശക്തമായ തിരിച്ചടി നൽകി എൻഡിഎ സ്ഥാനാർത്ഥി ഗിരിജ വലിയപറമ്പിലിനെ വിജയിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എൽ ഡി എഫ് നേതാക്കളുടെ ആർത്തിയാണ് ജനങ്ങളെ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് തള്ളിവിടാൻ കാരണം. കോവിഡ് കാലത്ത് വളരെ പ്രയാസപ്പെട്ട് പോയി വോട്ട് ചെയ്ത ജനങ്ങളോടുള്ള വെല്ലുവിളിയാണിതെന്നും ഇതിന് ബാലറ്റിലൂടെ മറുപടി നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ബിജെപി ജില്ലാ സെക്രട്ടറി സി.പി സതീഷ് അധ്യക്ഷത വഹിച്ചു.
എൻ ഡി എ സ്ഥാനാർത്ഥി ഗിരിജ വലിയപറമ്പിൽ, ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ, മേഖല പ്രസിഡന്റ് ടി.പി ജയചന്ദ്രൻ , സെക്രട്ടറി എൻ പി രാമദാസ്, ജില്ലാ വൈസ് പ്രസിഡന്റ് ടി.ബാലസോമൻ, സെക്രട്ടറി ബിന്ദുചാലിൽ സംസ്ഥാന സമിതി അംഗം ടി രജനീഷ് ബാബു, ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് റിഷാൽ, ബിജെപി സംസ്ഥാന കൗൺസിൽ അംഗം എം ഇ ഗംഗാധരൻ, എസ്.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ.രാജു. ബി ജെ പി ജില്ലാ സമിതി അംഗം പി എം സുരേഷ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.സി അഭിലാഷ്, വിഷ്ണുമോഹൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സീമ തട്ടഞ്ചേരി , ബിജിഷ സി.പി എന്നിവർ സംസാരിച്ചു.