Local News

ആർ നല്ലകണ്ണ്; നാടിനും നാട്ടുകാർക്കും വേണ്ടി ജീവിതം സമർപ്പിച്ച വിപ്ലവകാരി

Nano News

കോഴിക്കോട്: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും സാധാരണക്കാരായ മനുഷ്യർക്കും വേണ്ടി ജീവിതം സമർപ്പിച്ച ധീര വിപ്ലവകാരിയായിരുന്നു നല്ലകണ്ണെന്ന് സിപിഐ ജില്ലാ കൗൺസിൽ ആഭിമുഖ്യത്തിൽ കൃഷ്ണപിള്ള മന്ദിരത്തിൽ നടന്ന ‘സിവപ്പ് മനിതൻ’ ആർ നല്ലകണ്ണ് അനുസ്മരണ സമ്മേളനം പറഞ്ഞു. തൊഴിലാളി വർഗത്തിന്റെ ക്ഷേമത്തിനായി തന്റെ ജീവിതം അദ്ദേഹം പൂർണമായും സമർപ്പിച്ചു. സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിക്കാതെ മറ്റുള്ളവരുടെ അവകാശങ്ങൾക്കായി പോരാടി. ജീവിതം പോരാട്ടമാക്കിയ നല്ലകണ്ണ് എല്ലാ അർത്ഥത്തിലും ഏഴൈകളുടെ പ്രിയതോഴനായ ‘സിവപ്പ് മനിതൻ’ ആയിരുന്നുവെന്നും സമ്മേളനം വ്യക്തമാക്കി. ലാളിത്യത്തിന്റെ പ്രതിരൂപമായിരുന്നു നല്ലകണ്ണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത സിപിഐ സംസ്ഥാന എക്സി. അംഗം അഡ്വ. പി വസന്തം പറഞ്ഞു. .
ജീവിതത്തിൽ ലാളിത്യവും സത്യസന്ധതയും അഴിമതി രഹിത പൊതുജീവിതവും അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ചു. പതിനഞ്ചാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായ നല്ലകണ്ണ് ജനകീയ പ്രക്ഷോഭങ്ങളുടെ നായകനായി വളർന്നു. ജാതി കലാപങ്ങൾക്കെതിരെയും തുല്യ നീതിക്കായും പോരാടിയ അദ്ദേഹം എട്ട് പതിറ്റാണ്ടിലേറെ നീണ്ട തന്റെ പൊതു ജീവിതം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ജനാധിപത്യവും സാമൂഹ്യ നീതിയും സ്ഥാപിക്കുന്നതിനുള്ള സമരങ്ങൾക്ക് വേണ്ടിയും പരിസ്ഥിതിയ്ക്കായും സമർപ്പിച്ചു. വർഷങ്ങൾ നീണ്ട ജയിൽവാസവും പീഡനങ്ങളും അദ്ദേഹത്തിലെ പോരാളിയെ കൂടുതൽ കരുത്തനാക്കിയന്നും പി വസന്തം പറഞ്ഞു.
അധികാരം സ്വപ്നം കാണാത്ത പോരാളിയായിരുന്നു നല്ലകണ്ണെന്നും അദ്ദേഹത്തിന്റെ ജീവിതം കമ്യൂണിസ്റ്റുകാർക്ക് മാത്രമല്ല എല്ലാ മനുഷ്യർക്കും മാതൃകയാണെന്നും ചടങ്ങിൽ സംസാരിച്ച സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് പറഞ്ഞു. അതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ അന്തിമോപചാര ചടങ്ങിൽ പങ്കെടുത്ത സഞ്ചയം.
വർഗീയ ഫാസിസത്തിനും ജനവിരുദ്ധ നയങ്ങൾക്കെതിരെയും കോർപറേറ്റ് വത്ക്കരണത്തിനുമെതിരെയുള്ള പോരാട്ടത്തിൽ നല്ലകണ്ണിന്റെ ജീവിതം കരുത്താവണമെന്ന് സംസ്ഥാന കൗൺസിൽ അംഗം ടി വി ബാലൻ പറഞ്ഞു. ജില്ലാ അസി. സെക്രട്ടറി പി കെ നാസർ, റീന മുണ്ടേങ്ങാട്ട്, ചൂലൂർ നാരായണൻ, ആശ ശശാങ്കൻ, എം കെ പ്രജോഷ്, പി അസീസ് ബാബു, ബി ദർശിത്ത് തുടങ്ങിയവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply