കോഴിക്കോട്: നഗരത്തിലെ ശുചീകരണ തൊഴിലാളികൾ താമസിക്കുന്ന കോളനികൾ സന്ദർശിച്ചുകൊണ്ടാണ് എം ടി രമേശിൻ്റെ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്. കല്ലൂത്താന്‍ കടവ് കോളനിയിലെ ജനങ്ങളൾ താമസിക്കുന്ന ഫ്ലാറ്റുകളിൽ എത്തിയ സ്ഥാനാർത്ഥി അവർ നേരിടുന്ന പ്രശ്നങ്ങൾ കണ്ടും കേട്ടുമറിഞ്ഞു
എണ്‍പതോളം കുടുംബങ്ങളാണ് കല്ലൂത്താന്‍ കടവ് കോളനിയില്‍ നിന്നും ഫ്ലാറ്റുകളിലേക്ക് താമസം മാറ്റിയത്. രണ്ടുമുറിയും അടക്കളയും ഉള്‍പ്പെടെ സൗകര്യങ്ങള്‍ ലഭിക്കുമെന്നായിരുന്നു കോർപറേഷൻ വാഗ്ദാനം നല്കിയിരുന്നതെങ്കിലും, ഒറ്റമുറിയലാണ് ഇപ്പോഴും ഇവരുടെ താമസം. നേരത്തെ കഴിഞ്ഞിടത്തു നിന്നും കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്ക് മാറിയെന്നതല്ലാതെ എല്ലാം പഴയതു പോലെ തന്നെ. എല്ലാത്തിനും കരമടക്കണം. പ്രായപൂര്‍ത്തിയായവര്‍ ഉള്‍പ്പെടെ താമസം ഒറ്റമുറിയില്‍. കോളനിയില്‍ ആയിരുന്നുവെങ്കില്‍ തുണികൊണ്ട് മറച്ചിട്ടാണെങ്കിലും സ്വകാര്യതയുണ്ടായിരുന്നുവെന്ന് താമസക്കാർ പരാതി പറഞ്ഞു. നിര്‍മാണത്തിലെ അപാകതകാരണം മിക്കമുറികളുടെയും സിമന്റ് അടര്‍ന്നു വീഴുകയാണ്. നിലത്തിട്ട ടൈലുകളും അടര്‍ന്നു തുടങ്ങിയിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ നടക്കുന്നില്ല. കോളനി സന്ദര്‍ശിച്ച എംടി രമേശിനു മുന്നില്‍ അവര്‍ പരാതിപ്പെട്ടു.
സ്റ്റേഡിയം ജംഗഷനു സമീപത്തെ സത്രം കോളനിയിലും എൻ ഡി എ സ്ഥാനാർത്ഥി എം ടി രമേശ് സന്ദർശനം നടത്തി. നിലവില്‍ മുപ്പതോളം പേരാണ് അവിടെയും താമസം. എല്ലാവര്‍ക്കും കൂടി പൊതു കക്കൂസും കുളിമുറിയുമാണ്. കുടിവെള്ളമായി ഉപയോഗിച്ച കിണര്‍ അഴുക്കുചാലിലെ മലിന ജലം നിറഞ്ഞ് ഉപയോഗശൂന്യമായെന്നും കോളനി നിവാസികൾ പറഞ്ഞു.
ഇടത് വലത് മുന്നണികൾ കാലങ്ങളായി സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളെ എങ്ങനെ വഞ്ചിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് നഗരത്തിലെ കോളനി വാസികളുടെ ജീവിതമെന്ന് എം ടി രമേശ് പറഞ്ഞു. ഇത്തരം ജീവിതങ്ങളെ ചേർത്തുപിടിക്കുന്നതാണ് മോദി സർക്കാരിൻ്റെ വികസന പദ്ധതികളെന്നും അടിസ്ഥാന വിഭാഗങ്ങളുടെ ഉന്നമനത്തിന് എൻഡിഎ പ്രതിജ്ഞാബദ്ധമാണെന്നും എം ടി രമേശ് പറഞ്ഞു. മണ്ഡലത്തിൽ നിന്ന് വിജയിച്ചാൽ സമൂഹത്തിലെ പിന്നാക്ക ജനവിഭാഗങ്ങളെ ഉയർത്തി കൊണ്ടുവരാൻ പ്രഥമ പരിഗണന നൽകുമെന്നും എം ടി രമേശ് വ്യക്തമാക്കി.