കോഴിക്കോട്: നാലുപേരുമായി യാത്ര ചെയ്ത സ്കൂട്ടർ കസ്റ്റഡിയിലെടുത്ത് മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ ദിവസം മോട്ടോർ വാഹനവകുപ്പ് വെള്ളിമാട്കുന്ന് ജെ.ഡി.ടി കോളജ് പരിസരത്തു നടത്തിയ പരിശോധനയിലാണ് മൂന്നും നാലും പേരെ വെച്ചുള്ള യാത്ര പിടികൂടിയത്. നാലുപേരെ വെച്ചുള്ള യാത്ര നടത്തിയ സ്കൂട്ടർ കഴിഞ്ഞ ദിവസം മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെത്തി കോളജ് പരിസരത്തുനിന്ന് കസ്റ്റഡിയിലെടുത്തു.
വാഹനം ഓടിച്ച യാത്രക്കാരന്റെ ലൈസൻസും സസ്പെൻഡ് ചെയ്തു. രണ്ടും മൂന്നും പേരെ വെച്ച് ബൈക്ക് ഓടിച്ച മറ്റു മൂന്നുപേരുടെ ലൈസൻസും ആർ.ടി.ഒ പി.എ. നസീറിന്റെ നിർദേശപ്രകാരം സസ്പെൻഡ് ചെയ്തു.
രൂപമാറ്റം വരുത്തിയതും അമിതമായ ലൈറ്റ് ഘടിപ്പിച്ചതുമായ വാഹനങ്ങൾ പിടികൂടി പിഴ ചുമത്തിയതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. എ.എം.വിഐമാരായ എ.കെ. മുസ്തഫ, ആർ. റിനുരാജ്, വി.പി. രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.