റഫീഖ് തോട്ടുമുക്കം.
മുക്കം.മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡൻറും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന ബാബു പൊലുകുന്നത്തിനെയും
മറ്റു രണ്ട് പ്രതികളായ വിഷ്ണു കയ്യൂ ണമ്മൻ ,സന്തോഷ് മാട്ടുമുറി എന്നിവരെയും കൊടിയത്തൂരിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ഇന്ന് ഉച്ചയോടെ ഗ്രാമീൺ ബാങ്ക് കൊടിയത്തൂർ ശാഖയിലാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. ഇവിടെ മുക്കുപണ്ടം പണയം വെച്ച് ബാബുവിൻ്റെ പേരിൽ മൂന്നര ലക്ഷത്തോളം രൂപ തട്ടിപ്പ് നടത്തിയതായാണ് പരാതി. ബാങ്കിലെ തെളിവെടുപ്പിന് ശേഷം ബാബുവിൻ്റെ വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.
സംഭവ ശേഷം ഒളിവിൽ പോയ ബാബുവിനെ കഴിഞ്ഞ ആഴ്ചയാണ് ബാംഗ്ലൂരിൽ വെച്ച് മുക്കം പോലീസ് പിടികൂടിയത്.തുടർന്ന് കോടതി റിമാൻ്റ് ചെയ്യുകയായിരുന്നു. ഇതിന് ശേഷം രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പ് നടത്തിയത്.
അതിനിടെ സംഭവത്തിന് പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായും സൂചനയുണ്ട്.
കഴിഞ്ഞ മാസം പെരുമണ്ണ സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്നതിനിടെ ദലിത് കോൺഗ്രസ് ജില്ല സെക്രട്ടറി വിഷ്ണു കയ്യൂണമ്മലും സുഹൃത്ത് സന്തോഷും പിടിയിലായിരുന്നു.പ്രധാന പ്രതി വിഷ്ണുവിനെ ചോദ്യം ചെയ്തതിൽ നിന്ന് കൊണ്ടോട്ടി സ്വദേശിയാണ് സ്വർണ്ണം നൽകുന്നതെന്ന് പോലീസിന് മനസിലായത്. എന്നാൽ പോലീസെത്തിയപ്പോഴേക്കും ഇയാൾ മുങ്ങുകയായിരുന്നു.