ഇടുക്കി: കിണറ്റില്‍ അകപ്പെട്ട ആടിന് രക്ഷകരായി തൊടുപുഴയിലെ അഗ്‌നിരക്ഷാസേന. വെള്ളംചിറ റേഷന്‍കടപ്പടിയില്‍ താമസിക്കുന്ന തോയലില്‍ ജോര്‍ജ് മാത്യുവിന്റെ ആട് അയല്‍വാസിയായ കളപ്പുരക്കല്‍ ജോസഫിന്റെ കിണറ്റില്‍ അകപ്പെടുകയായിരുന്നു. ആള്‍താമസമില്ലാത്ത വീടിനോട് ചേര്‍ന്നുള്ള ഉപയോഗശൂന്യമായ ചുറ്റുമതിലുള്ള 25 അടി താഴ്ചയും അഞ്ച് അടിയിലേറെ വെള്ളവുമുള്ള കിണറിലാണ് ആട് വീണത്.
ഉടമസ്ഥന്‍ അറിയിച്ചതനുസരിച്ച് ഉടന്‍ തന്നെ തൊടുപുഴയില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തി. ഫയര്‍ ഓഫീസര്‍ എസ് ശരത് റെസ്‌ക്യു നെറ്റില്‍ കിണറ്റില്‍ ഇറങ്ങി ആടിനെ സുരക്ഷിതമായി ഉടന്‍ തന്നെ കരക്കെത്തിക്കുകയും ചെയ്തു. ആടിന് പരുക്കുകളൊന്നും പറ്റിയിരുന്നില്ല. ഫയര്‍ ഓഫീസര്‍മാരായ ബിബിന്‍ എ. തങ്കപ്പന്‍, കെ.എ ഉബാസ്, ഷിബിന്‍ ഗോപി, ജെയിംസ് പുന്നന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.