BusinessHealthLatest

ആരോഗ്യമേഖലയിൽ സ്വകാര്യസ്ഥാപനങ്ങൾ കൂടുതൽ വരേണ്ടതുണ്ട്: മോഹൻലാൽ

Nano News

തൊടുപുഴ: ആരോഗ്യ പരിചരണരംഗത്തെ സേവനങ്ങൾ സർക്കാരിനു മാത്രം ചെയ്തുതീർക്കാനാകില്ലന്നും ഈ മേഖലയിൽ ഗുണനിലവാരമുള്ള സ്വകാര്യ സ്ഥാപനങ്ങൾ കൂടുതൽ വരേണ്ടതുണ്ടെന്നും നടൻ മോഹൻലാൽ. ആരോഗ്യപരിചരണരംഗത്ത് പല വിദേശരാജ്യങ്ങളെക്കാൾ മുൻപിലാണ് കേരളമെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം ആശുപത്രി എന്നതിലുപരി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഒരു സാന്ത്വനകേന്ദ്രമാണെന്നും പറഞ്ഞു. തൊടുപുഴ ബിഎംഎച്ചിന്‍റെ വാർഷികാഘോഷച്ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മോഹൻലാൽ.

ജില്ലയിലെ സാധാരണക്കാർക്കും ഉന്നത ചികിത്സാ സൗകര്യം നൽകാൻ ബേബി മെമ്മോറിയൽ ആശുപത്രിക്കു സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അത്യാധുനിക സജ്ജീകരണങ്ങളും നവീനമായ പ്രവർത്തന ശൈലിയും ബിഎംഎച്ചിനെ വേറിട്ടതാക്കുന്നുവെന്നും മന്ത്രി. ബിഎംഎച്ചിൽ പുതുതായി ആരംഭിച്ച എംആർഐ, സിടി യൂണിറ്റിന്‍റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

കാർഡിയോളജി വിഭാഗത്തിൽ ആരംഭിച്ച കാത്ത് ലാബ് ഡീൻകുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. അഡ്വാൻസ്ഡ് റോബട്ടിക്ക് ഓർത്തോ സർജറി വിഭാഗത്തിന്‍റെ ഉദ്ഘാടനം മാത്യു കുഴൽനാടൻ എംഎൽഎ നിർവഹിച്ചു. വിദേശ, വികസിത രാജ്യങ്ങളിൽ ലഭിക്കുന്ന ചികിത്സാ സംവിധാനങ്ങൾ അമിത ചെലവില്ലാതെ ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ച ബിഎംഎച്ച് ചെയർമാൻ കെ.ജി. അലക്സാണ്ടർ പറഞ്ഞു. എഡിഎം ഷൈജു പി. ജേക്കബ്, തൊടുപുഴ നഗരസഭ ചെയർമാൻ കെ. ദീപക്, സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, സിപിഐ ജില്ലാ സെക്രട്ടറി സലിം കുമാർ, ബിജെപി ജില്ലാ പ്രസിഡന്‍റ് ടി.പി. സനു, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് കെ.എം.എ. ഷുക്കൂർ, തൊടുപുഴ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്‍റ് ഡോ. സോണി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. സിഇഒ ഡോ. ലഫ്. കേണൽ ജയ് കിഷൻ കെ. പി. സ്വാഗതം പറഞ്ഞു.

കുടയത്തൂരിലെ ലൂയി ബ്രെയ്‌ൽ സ്മാരക മാതൃകാ വിദ്യാലയത്തിനു പിന്തുണ നൽക്കുന്ന “നിങ്ങൾക്കൊപ്പം’ പദ്ധതി മോഹൻലാൽ ഉദ്ഘാടനം ചെയ്തു.


Reporter
the authorReporter

Leave a Reply