തിരുവനന്തപുരം: സംസ്ഥാനത്തെ മഴമുന്നറിയിപ്പില്‍ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത് . കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പറഞ്ഞു പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, വയനാട്, കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ടും കാലാവസ്ഥ വകുപ്പ് പിൻവലിച്ചിരിക്കുകയാണ്.
ബുധനാഴ്ച വരെ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. അതേസമയം തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലർട്ട് ആണ് .
ചൊവ്വാഴ്ച എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും,ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലർട്ടും ആണെന്ന് കാലാവസ്ഥ വകുപ്പ്.
കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ മണിമല, അച്ചന്‍കോവില്‍ നദികളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമുള്ള സാധ്യതയുള്ളതിനാൽ കേരള കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.