കൊൽക്കത്ത ആർ.ജി.കാർ മെഡിക്കൽ കോളജിൽ പിജി ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് 2 ദിവസമായി ഡോക്ടർമാർ സമരത്തിന് ഇറങ്ങിയതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തുന്ന രോഗികളുടെ എണ്ണത്തിൽ കുറവ്. ഒപിയിലെത്തിയ രോഗികൾക്ക് ചികിത്സ കിട്ടാതെ വന്നതോടെ പലരും അത്യാഹിത വിഭാഗത്തിൽ ആണ് ചികിത്സ തേടിയത്.
മെഡിസിൻ വാർഡിൽ എൺപതോളം രോഗികൾ അതിരാവിലെ എത്തിയിട്ടുണ്ടായിരുന്നു. ഒരു ഡോക്ടറേ ഉള്ളൂ എന്നറിഞ്ഞതോടെ പലരും തിരിച്ചു പോവുകയായിരുന്നു . ചിലർ അത്യാഹിതവിഭാഗത്തിലേക്ക് പോയി ചികിത്സ തേടി. പ്രിവന്റീവ് മെഡിസിൻ ഒപിയിൽ പിജി, ഹൗസ് സർജൻമാർ അൻപതോളം രോഗികളെ പരിശോധിക്കുകയും ചെയ്തു. പൂച്ച, നായ തുടങ്ങിയവയുടെ കടിയേറ്റവരാണ് ഇവിടെ ചികിത്സ തേടിയെത്തിയത്.
സൂപ്പർ സ്‌പെഷ്യൽറ്റി ആശുപത്രിയിൽ പേസ് മേക്കർ ഉപയോഗിക്കുന്ന രോഗികളെ 2 ഡോക്ടർമാർ പരിശോധിച്ചു. വയനാട്ടിൽനിന്ന് എക്കോടെസ്റ്റ് ചെയ്യാനെത്തിയവർ ഡോക്ടർമാർ ഇല്ലെന്നറിഞ്ഞത് ഇവിടെ വന്നതിനുശേഷം മാത്രമാണ് . 2 മണിക്കൂറോളം കാത്തിരുന്ന് ടെസ്റ്റ് നടത്താനാകാതെ അവർ മടങ്ങി. നെഫ്രോളജി, യൂറോളജി, ന്യൂറോ സർജറി വിഭാഗങ്ങളിൽ രോഗികൾ എത്തിയെങ്കിലും കുറച്ചു പേർക്ക് മാത്രമാണ് പരിശോധന നടത്തിയത്. പിന്നീട് അത്യാസന്ന നിലയിലുള്ളവരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.
കൂടുതൽ രോഗികളും മടങ്ങി പോവുകയായിരുന്നു. മാതൃശിശു സംക്ഷണ കേന്ദ്രത്തിൽ ഒപി പരിശോധന ഇല്ലായിരുന്നു. പകരം ആശുപത്രിയിലെത്തിയ ഗർഭിണികളെയും കുട്ടികളെയും അത്യാഹിതവിഭാഗത്തിലെ ഡോക്ടർമാർ ആണ് പരിശോധന നടത്തിയത്. ടെർഷ്യറി കാൻസർ സെന്ററിലും രോഗികൾ കുറവായിരുന്നു. എത്തിയ 60 രോഗികളെ പരിശോധിച്ചു, കീമോ ചികിത്സയും നടന്നിട്ടുണ്ട്. അതിരാവിലെ ഒപിയിലെത്തിയ രോഗികളെ ചികിത്സിച്ച ശേഷം പല ഡോക്ടർമാരും പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോവുകയും ചെയ്തു.
പിന്നീട് വന്ന രോഗികൾക്ക് ചികിത്സ കിട്ടിയില്ല. സാധാരണ ദിവസങ്ങളിൽ മൂവായിരത്തോളം രോഗികൾ വിവിധ വിഭാഗങ്ങളിൽ ചികിത്സ തേടിയെത്തുന്ന മെഡിക്കൽ കോളജിൽ ഇന്നലെ 700 പേരാണ് ചികിത്സയ്ക്ക് വന്നത്. അത്യാഹിത വിഭാഗത്തിലും തിരക്ക് കുറവായിരുന്നുവെന്ന് ജീവനക്കാർ.
കൗണ്ടറിലെത്തിയവർക്കെല്ലാം ഒപി ടിക്കറ്റ് നൽകിയെങ്കിലും ചികിത്സ ഭൂരിപക്ഷം പേർക്കും ലഭിച്ചിരുന്നില്ല.കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷൻ ആഹ്വാനം ചെയ്ത പണിമുടക്കിൽ മെഡിക്കൽ കോളജിലെ ഭൂരിപക്ഷം ഡോക്ടർമാരും പങ്കെടുത്തതായി സംഘടനാ ഭാരവാഹികൾ പറഞ്ഞു.