Local News

കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും: പന്ന്യൻ രവീന്ദ്രൻ

Nano News

ഒഞ്ചിയം: കേരളത്തിൽ ഇടതുപക്ഷ സർക്കാരിന്റെ ജനപക്ഷ വികസനത്തിന് ജനം അംഗീകാരം നൽകുമെന്നും സർക്കാരിന് മൂന്നാം ഊഴം ലഭിക്കുമെന്നും മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ഒഞ്ചിയത്ത് സിപിഐ സംഘടിപ്പിച്ച മണ്ടോടി കണ്ണൻ രക്തസാക്ഷിത്വ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. സർക്കാർ വിദ്യാലയങ്ങളുടെയും ആശുപത്രികളുടെയും മുഖച്ഛായ മാറി. പാവപ്പെട്ടവർക്ക് വീട് നൽകാനും സർക്കാറിന് സാധിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ക്ഷേമ പദ്ധതികൾ കൃത്യമായി നടപ്പിലാക്കി ജനങ്ങളുടെ ഹൃദയത്തിൽ ഇടംപിടിക്കുകയായിരുന്നു സർക്കാരെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ കാലത്തെ ജനവിരുദ്ധ നയങ്ങൾ ജനങ്ങൾക്ക് മറക്കാൻ കഴിയില്ല. കേരളത്തെ ഇരുട്ടിലേക്ക് തള്ളിയിടുകയായിരുന്നു യുഡിഎഫ് സർക്കാർ. അവിടെ നിന്നാണ് കേരളത്തെ സമത്വ സുന്ദരമായ നവകേരളത്തിലേക്ക് ഇടതു സർക്കാർ കൈപിടിച്ചുയർത്തിയത്. കേരളം ഇടതുപക്ഷത്തോടൊപ്പം നിൽക്കുമ്പോൾ വികസന മുരടിപ്പ് നേരിടുന്ന വടകരയിലും ഈ നയത്തിനനുസൃതമായ രാഷ്ട്രീയമാറ്റം ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ കെ ഗംഗാധരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്, എക്സി. അംഗങ്ങളായ ആർ സത്യൻ, അജയ് ആവള, മണ്ഡലം സെക്രട്ടിറി എൻ എം ബിജു, ഇ രാധാകൃഷ്ണൻ, വി പി രാഘവൻ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് നുറുകണക്കിന് പേർ പങ്കെടുത്ത പ്രകടനവും നടന്നു.


Reporter
the authorReporter

Leave a Reply