തിരുവനന്തപുരം: കേരളത്തില്‍ കാണപ്പെടുന്ന മണത്തക്കാളി എന്ന കുറ്റിച്ചെടി കരള്‍ അര്‍ബുദത്തിന് ഫലപ്രദമെന്ന് പഠനം. മണത്തക്കാളിച്ചെടിയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഉട്രോസൈഡ്-ബി എന്ന സംയുക്തമാണ് കരള്‍ അര്‍ബുദത്തിനെതിരെ മരുന്നാണെന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ ഗവേഷകര്‍ കണ്ടെത്തിയത്. ഇവരുടെ കണ്ടെത്തലിന് അമേരിക്കയുടെ എഫ്ഡിഎ അംഗീകാരം നല്‍കി. അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കണ്ടെത്തുന്നതിന് നല്‍കുന്ന പദവിയാണ് ഓര്‍ഫന്‍ ഡ്രഗ് പദവി.
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ സീനിയര്‍ ശാസ്ത്രജ്ഞ ഡോ. റൂബി ജോണ്‍ ആന്റോ, വിദ്യാര്‍ത്ഥിനിയായ ഡോ. ലക്ഷ്മി ആര്‍ നാഥുമാണ് ഗവേഷണത്തിന് പിന്നില്‍. ഇവര്‍ക്ക് ലഭിച്ച പേറ്റന്റ് അമേരിക്കന്‍ മരുന്നുകമ്പനിയായ ക്യുബയോമെഡ് വാങ്ങി. ഡോ. റൂബി ജോണ്‍ ആന്റോയും ഡോ. ലക്ഷ്മി ആര്‍ നാഥും മണത്തക്കാളിയുടെ ഇലയില്‍ നിന്ന് ട്രോസൈഡ്ബി എന്ന തന്മാത്ര വേര്‍തിരിച്ചെടുക്കുകയായിരുന്നു. ഇവരുടെ കണ്ടെത്തല്‍ കരള്‍ രോഗ ചികിത്സയില്‍ വഴിത്തിരിവാകുമെന്ന് ആര്‍ജിസിബി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ പറഞ്ഞു.
മണത്തക്കാളിയുടെ ഇലയില്‍നിന്ന് സംയുക്തം വേര്‍തിരിച്ചെടുക്കുന്ന സാങ്കേതിക വിദ്യ കണ്ടെത്തിയ തിരുവനന്തപുരം സിഎസ്‌ഐആര്‍എന്‍ഐഎസ്ടിയിലെ ഡോ. എല്‍ രവിശങ്കറുമായി സഹകരിച്ചായിരുന്നു ഇവരുടെ ഗവേഷണം. മണത്തക്കളായി ഇലയിലെ സംയുക്തത്തിന്റെ പ്രവര്‍ത്തന രീതി നിരീക്ഷിച്ച് ഇവക്ക് കരളിലെ കൊഴുപ്പ് മൂലമുണ്ടാകുന്ന രോഗം, നോണ്‍ ആല്‍ക്കഹോളിക് സ്റ്റിറോ ഹെപ്പറ്റൈറ്റിസ്, ഭക്ഷ്യവിഷബാധമൂലമുണ്ടാകുന്ന കരള്‍ അര്‍ബുദം എന്നിവക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ശേഷിയുണ്ടെന്ന് വിലയിരുത്തി.
നേച്ചര്‍ ഗ്രൂപ് ജേണലുകളിലൊന്നായ സയന്റിഫിക് റിപ്പോര്‍ട്ട്‌സിലാണ് പ്രബന്ധം പ്രസിദ്ധീകരിച്ചത്. നിലവില്‍ കരള്‍ അര്‍ബുദത്തിന് എഫ്ഡിഐ അംഗീകരമുള്ള മരുന്നുകള്‍ മാത്രമാണ് ലഭ്യമാകുക.