Sunday, January 26, 2025
EducationGeneral

മലപ്പുറത്തും കാസര്‍കോട്ടും പ്ലസ് വണ്‍ താല്‍ക്കാലിക അധിക ബാച്ച്


തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കു പിന്നാലെ പ്ലസ് വണ്‍ പ്രതിസന്ധി പരിഹരിക്കാന്‍ കാസര്‍കോട്ടും മലപ്പുറത്തും താല്‍ക്കാലിക അധിക ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍. മലപ്പുറത്ത് 74 സര്‍ക്കാര്‍ സ്‌കൂളുകളിലായി 120 ബാച്ചുകളും കാസര്‍കോട്ട് 18 സ്‌കൂളുകളിലായി 18 ബാച്ചുകളുമാണ് അനുവദിച്ചത്. പാലക്കാടും കോഴിക്കോടും അധിക ബാച്ചുകള്‍ അനുവദിച്ചില്ല.

മലപ്പുറത്ത് ഹ്യൂമാനിറ്റീസ് കോമ്പിനേഷനില്‍ 59 ബാച്ചുകളും കൊമേഴ്‌സ് കോമ്പിനേഷനില്‍ 61 ബാച്ചുകളുമാണ് അനുവദിച്ചത്. ഒരു സയന്‍സ് ബാച്ച് പോലും അനുവദിച്ചിട്ടില്ല. കാസര്‍കോട് ജില്ലയില്‍ ഒരു സയന്‍സ് ബാച്ചും നാല് ഹ്യൂമാനിറ്റീസ് ബാച്ചുകളും 13 കൊമേഴ്‌സ് ബാച്ചുമാണ് അനുവദിച്ചത്.

മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 138 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതിന് ഒരു വര്‍ഷം 14.90 കോടി രൂപ ചെലവ് വരുമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. പുതിയ ബാച്ചുകള്‍ അനുവദിക്കുന്നതിലൂടെ പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ഈ ബാച്ചുകള്‍ കൊണ്ട് പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കാനാവില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
മലപ്പുറത്ത് 120 ബാച്ചുകളില്‍ 65 വിദ്യാര്‍ഥികളെ പരിണിച്ചാല്‍ അവസരം ലഭിക്കുക 7800 പേര്‍ക്കാണ്. മലപ്പുറത്ത് കുറവുണ്ടായിരുന്നത് 9791 സീറ്റുകളാണ്. അധിക ബാച്ചുകള്‍ അനുവദിച്ച ശേഷവും 1991 സീറ്റുകള്‍ കുറവുണ്ട്. എന്നാല്‍, 18 ബാച്ചുകള്‍ അനുവദിച്ചതിലൂടെ കാസര്‍കോട് സീറ്റ് പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷം പാലക്കാട് കുറവുള്ളത് 4383 സീറ്റുകളാണ്. കോഴിക്കോട് 2250 സീറ്റുകളുടെയും കുറവുണ്ട്.


Reporter
the authorReporter

Leave a Reply