GeneralLocal News

മലബാര്‍ മില്‍മ ക്ഷീര സദനങ്ങള്‍ കൈമാറി


കോഴിക്കോട്: മലബാര്‍ മില്‍മ ക്ഷീര സദനം പദ്ധതി പ്രകാരം നിര്‍മ്മിച്ച രണ്ടു വീടുകള്‍ കൂടി കൈമാറി. നടുവണ്ണൂര്‍ എടയാടി സെന്ററില്‍ നടന്ന ചടങ്ങില്‍ മൃഗ സംരക്ഷണ വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി താക്കോല്‍ദാന കര്‍മ്മം നിര്‍വ്വഹിച്ചു. കേരളത്തിലെ എല്ലാ പശുക്കള്‍ക്കും ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്താനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര ഫണ്ടും സംസ്ഥാന ഫണ്ടും ഒരു ചെറിയ തുക ക്ഷീര കര്‍ഷരില്‍ നിന്ന് ഈടാക്കിയുമാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

കേന്ദ്രത്തിനു മുമ്പാകെ ഇതു സംബന്ധിച്ച പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. കടുത്ത ചൂടു കാരണം ഈ വര്‍ഷത്തെ വേനലില്‍ 500 പശുക്കളാണ് കേരളത്തില്‍ ചത്തത്. ഇതു വഴി ക്ഷീര കര്‍ഷകര്‍ വന്‍ നഷ്ടം നേരിട്ടു. ഇത്തരം അവസരങ്ങളില്‍ ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങാവാനാണ് ഇന്‍ഷ്വറന്‍സ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുന്നതെന്നും ചിഞ്ചുറാണി പറഞ്ഞു.

വാകയാട് ക്ഷീര സംഘത്തിലെ സരള, കരുമ്പാപൊയില്‍ ക്ഷീര സംഘത്തിലെ സുലോചന എന്നിവര്‍ക്കാണ് വീടുകള്‍ നല്‍കിയത്. സ്വന്തമായി വാസയോഗ്യമായ വീടില്ലാത്ത സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയാണ് ക്ഷീര സദനം. 2020ലാണ് പദ്ധതി ആരംഭിച്ചത്. ഇതോടെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലായി 23 വീടുകള്‍ പദ്ധതി പ്രകാരം നിര്‍മ്മിച്ചു നല്‍കി. കോഴിക്കോട് ജില്ലയില്‍ നാലു പേര്‍ക്കാണ് ഇതിനോടകം ക്ഷീരസദനം പദ്ധതി പ്രകാരം വീടുകള്‍ ലഭിച്ചത്. 2024 -25 സാമ്പത്തിക വര്‍ഷം രണ്ടു വീടുകള്‍ കോഴിക്കോട് ജില്ലയില്‍ നിര്‍മ്മിച്ചു നല്‍കുവാന്‍ മലബാര്‍ മേഖലാ യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്.

ചടങ്ങില്‍ കെ.എം. സച്ചിന്‍ദേവ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ കെ.സി. ജെയിംസ് പദ്ധതി വിശദീകരണം നടത്തി. കാലാവസ്ഥാ വ്യതിയാന ഇന്‍ഷ്വറന്‍സ് ക്ലെയിം വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി നിര്‍വ്വഹിച്ചു.

ക്ഷീര സമാശ്വാസ വിതരണം കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിഎച്ച് സുരേഷും കര്‍ഷക സംഘം കെട്ടിട നവീകരണ ധനസഹായ വിതരണം ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബോബി പീറ്റര്‍, മില്‍മ ഡയറക്ടര്‍മാരായപി. ശ്രീനിവാസന്‍ മാസ്റ്റര്‍, കെ.കെ. അനിത എന്നിവര്‍ ചേര്‍ന്നും നിര്‍വ്വഹിച്ചു. ചാരിറ്റി ഫണ്ട് വിതരണം എംആര്‍ഡിഎഫ് സിഇഒ ജോര്‍ജ്ജ് കുട്ടി ജേക്കബ് നിര്‍വ്വഹിച്ചു.

നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി.ദാമോദരന്‍ മാസ്റ്റര്‍,ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.കെ. ജലീല്‍, നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സജീവന്‍ മക്കാട്ട്, സൗദ കെ.കെ, കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങായ ഗീത.കെ ഉണ്ണി, ബിന്ദു കൊല്ലരു കണ്ടി, നടുവണ്ണൂര്‍ റീജ്യണല്‍ ബാങ്ക് പ്രസിഡന്റ് ടി. ഗണേഷ് ബാബു എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. മലബാര്‍ മില്‍മ ഡയറക്ടര്‍ഗിരീഷ് കുമാര്‍ സ്വാഗതവും മലബാര്‍ മില്‍മ പിആന്റ് ഐ ഡിസ് കേഴിക്കോട് ഡിസ്ട്രിക്ട് ഹെഡ് പ്രദീപന്‍ പി.പി നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply