ആശുപത്രികൾ കൂടുതൽ രോഗീസൗഹൃദമാക്കി മാറ്റുകയെന്നത് സർക്കാരിന്റെ സുപ്രധാന നയമാണെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ലബോറട്ടറിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
തീരദേശ മേഖലയിലെ ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് സർക്കാർ വളരെയധികം പ്രാധാന്യം കല്പിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. തീരപ്രദേശത്തെ ജനങ്ങളുടെ പ്രധാന ആശ്രയകേന്ദ്രമായ ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷന്റെ സി എസ് ആർ ഫണ്ടിൽ നിന്നും പത്തു ലക്ഷം രൂപ ഉപയോഗിച്ചാണ് ലബോറട്ടറി നവീകരിച്ചത്. ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസർ, ഇലക്ട്രോലൈറ്റ് അനലൈസർ എന്നീ ഉപകരണങ്ങൾ ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്. ഒപ്പം ലാബിനു മുൻപിലായി രോഗികൾക്ക് ഇരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ ഡയറക്ടർ കെ വി പ്രദീപ്കുമാർ പദ്ധതി വിശദീകരിച്ചു. ഡിവിഷൻ കൗൺസിലർ കെ കൃഷ്ണകുമാരി, സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ റീജിയണൽ മാനേജർ ബി ആർ മനീഷ്, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ എ.നവീൻ, വാർഡ് കൗൺസിലർമാരായ സുരേഷ് കൊല്ലരത്ത്, വാടിയിൽ നവാസ്, രജനി തോട്ടുങ്കൽ, ടി കെ ഷമീന തുടങ്ങിയവർ സംസാരിച്ചു. എഫ് എച് സി ബേപ്പൂർ മെഡിക്കൽ ഓഫീസർ ഡോ. കെ എ ദീപ സ്വാഗതവും വാർഡ് കൗൺസിലർ കെ രാജീവ് നന്ദിയും പറഞ്ഞു.