കോഴിക്കോട് :നരേന്ദ്ര മോദി സർക്കാർ ആരോഗ്യമേഖലയിൽ നടപ്പിലാക്കിയ പദ്ധതികൾ സാധാരണക്കാർക്ക് സാന്ത്വനമേകിയെന്ന് ബി.ജെ.പി.കോഴിക്കോട് സിറ്റി ജില്ല ജനറൽ സെക്രട്ടറി ടി.വി.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് മഹിളാ മോർച്ച ജില്ല സമിതി ബേബി മെമ്മോറിയൽ ആശുപത്രിയുമായി സഹകരിച്ചു നടത്തിയ സൗജന്യ മെഡിക്കൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി.എസ്.ടി പരിഷ്കരണത്തിലൂടെ മാരകരോഗങ്ങൾക്കുള്ള മരുന്നുകൾക്ക് വിലക്കുറഞ്ഞു. ആയുഷ്മാൻ പദ്ധതിയിലൂടെ രാജ്യത്തെ 50 കോടി കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ ഇൻഷൂറൻസ് ആനുകൂല്യം, പൊതുജനാരോഗ്യ കേന്ദ്രങ്ങൾക്കുളള സഹായം, പുതിയ മെഡിക്കൽ കോളേജ് ആരംഭിച്ചതെല്ലാം രോഗികൾക്ക് ഏറെ ആശ്വാസമാണ്. എഴുപത് വയസ്സു കഴിഞ്ഞവർക്കുള്ള സൗജന്യ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ പിണറായി സർക്കാർ തയ്യാറാവണം.
പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് രണ്ടാഴ്ചക്കാലം ബി.ജെ.പി രാജ്യത്ത് സേവാപക്ഷികമായി ആചരിക്കുകയാണ്. എല്ലാവർക്കുമൊപ്പം എല്ലാവർക്കും വേണ്ടി നടത്തുന്ന സേവന പ്രവർത്തനം ജനഹൃദയങ്ങളിൽ സ്വാധീനം നേടിയെന്നും അദ്ദേഹം പറഞ്ഞു. മഹിളാ മോർച്ച ജില്ല പ്രസിഡണ്ട് വിന്ധ്യ സുനിൽ അധ്യക്ഷത വഹിച്ചു.
ബി.ജെ.പി.ജില്ല ട്രഷറർ ഷിനു പിണ്ണാണത്ത്, യുവമോർച്ച ജില്ല പ്രസിഡണ്ട് എം.വി ജിത്ത് എന്നിവർ സംസാരിച്ചു. മഹിള മോർച്ച ജില്ല ജനറൽ സെക്രട്ടറി ഉഷ പ്രകാശ് സ്വാഗതവും സാധന സുധീർ നന്ദിയും രേഖപ്പെടുത്തി.ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാർ പരിശോധനക്ക് നേതൃത്വം നൽകി. സൗജന്യമായി നാപ്കിൻ വിതരണവും നടത്തി