Latest

ജില്ലയില്‍ 1,272 കുടുംബങ്ങള്‍ക്ക് കൂടി പട്ടയങ്ങള്‍ വിതരണം ചെയ്തു

Nano News

കോഴിക്കോട്:2031ല്‍ സംസ്ഥാനം 75ാം വയസ്സിലേക്ക് കടക്കുമ്പോള്‍, ഭൂവിഷയങ്ങളില്‍ തര്‍ക്കരഹിതമായ കേരളം സൃഷ്ടിക്കുക എന്ന നടപടിക്രമങ്ങളിലേക്ക് ഘട്ടംഘട്ടമായി പോകുകയാണെന്ന് മന്ത്രി കെ രാജന്‍. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ ലക്ഷ്യത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല പട്ടയമേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭൂരഹിതരില്ലാത്ത കേരളമെന്നതാണ് സര്‍ക്കാര്‍ നയം. സംസ്ഥാനത്ത് ഇന്നൊരു ദിവസം പട്ടയം ലഭിക്കുന്നതിലൂടെ 10,002 കുടുംബങ്ങള്‍ ഭൂമിയുടെ അവകാശികളായി മാറുകയാണെന്നും മന്ത്രി പറഞ്ഞു.

ഈ സര്‍ക്കാറിന്റെ കാലയളവില്‍ 2,33,947 കുടുംബങ്ങളെ ഭൂമിയുടെ ഉടമകളാക്കാനായി. ഒമ്പത് വര്‍ഷത്തിനിടെ 4,13,000 പട്ടയം നല്‍കാനായി. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് അഞ്ച് ലക്ഷം പട്ടയങ്ങളായി അത് വര്‍ധിപ്പിക്കാനുള്ള അതിവേഗ പ്രയത്‌നം തുടരുകയാണ്. എല്ലാവര്‍ക്കും ഭൂമി നല്‍കാന്‍ വേണ്ടി ആരംഭിച്ച പട്ടയമിഷന്‍ കേരള ചരിത്രത്തിലെ ഒരു നവാനുഭമാണ്. ഭൂമി സംബന്ധമായ എല്ലാ രേഖകളും ലഭിക്കുന്നതിനായി സെന്‍ട്രലൈസ്ഡ് ഡാറ്റാ ബാങ്കുകള്‍ നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ വിവിധ താലൂക്കുകളിലുള്ള 1,272 കുടുംബങ്ങള്‍ക്കാണ് മേളയില്‍ പട്ടയങ്ങള്‍ വിതരണം ചെയ്തത്.
കോഴിക്കോട്, താമരശ്ശേരി, വടകര, കൊയിലാണ്ടി താലൂക്കുകളില്‍ 1,027 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയം, 149 നാലു സെന്റ് ലക്ഷംവീട് ഉന്നതി പട്ടയം, താമരശ്ശേരി താലൂക്കിലെ പാറ പുറമ്പോക്ക് ഭൂമിയിലെ കൈവശക്കാര്‍ക്കുള്ള 26 പട്ടയം, താമരശ്ശേരി, കോഴിക്കോട് താലൂക്കുകളിലെ 40 കുടുംബങ്ങള്‍ക്കുള്ള മിച്ചഭൂമി പട്ടയം, കോഴിക്കോട്, താമരശ്ശേരി, കൊയിലാണ്ടി താലൂക്കുകളിലെ 20 കുടുംബങ്ങള്‍ക്ക് ലാന്‍ഡ് അസൈന്‍മന്റ് പട്ടയം, 10 ദേവസ്വം പട്ടയം എന്നിങ്ങനെയാണ് വിതരണം ചെയ്തത്.

കോവൂര്‍ പി കൃഷ്ണപിള്ള ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. എംഎല്‍എമാരായ ടി പി രാമകൃഷ്ണന്‍, ലിന്റോ ജോസഫ്, ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, അസി. കലക്ടര്‍ എസ് മോഹനപ്രിയ, ലാന്‍ഡ് ആന്‍ഡ് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍ പി എന്‍ പുരുഷോത്തമന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 


Reporter
the authorReporter

Leave a Reply