തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് നാളെ മുതല്‍ ശമ്പളം കൊടുക്കാൽ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കെഎസ്ആർടിസിയെ നില നിർത്തേണ്ടത് സർക്കാരിന്‍റെ കൂടി ആവശ്യമാണ്. മാനേജ്മെന്‍റ് മാത്രം വിചാരിച്ചാൽ ശമ്പളം നൽകാനാവില്ലെന്ന് ബോധ്യപ്പെട്ടുവെന്നും ധനമന്ത്രിയുമായി ഇന്നും ആശയ വിനിമയം നടത്തിയെന്നും ആന്‍റണി രാജു പറഞ്ഞു. കൂടുതൽ പണം കിട്ടാൻ ഇന്ന് തന്നെ അപേക്ഷിക്കും. നാളെ ധനമന്ത്രിയെ നേരിട്ട് കാണുമെന്നും ശാശ്വത പരിഹാരത്തിന് കൂടുതൽ ചർച്ചകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. സിഎന്‍ജി ബസുകൾ വാങ്ങുന്നത് സ്വിഫ്റ്റിനായിട്ടാണെന്നും അദ്ദേഹം വിശദീകരിച്ചു.