കോഴിക്കോടിന്റെ ഓണാഘോഷം ‘മാവേലിക്കസ് 2025’ ന് ഔദ്യോഗിക തുടക്കമായി. ബീച്ചിലെ ഫ്രീഡം സ്‌ക്വയറിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു.
വളരെ വിപുലമായി സംഘടിപ്പിക്കാൻ തീരുമാനിച്ച കോഴിക്കോട്ടെ ഓണാഘോഷ പരിപാടി മാവേലിക്കസ് രാജ്യത്തെ അറിയപ്പെടുന്ന കലാകാരന്മാർ പങ്കെടുക്കുന്ന ഉത്സവമായി മാറികഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.2025 ലെ ഓണസമ്മാനമായി ആനക്കാംപൊയിൽ- കള്ളാടി, മേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി ഉദ്ഘാടനമാണ് ജനങ്ങൾക്ക് നൽകിയതെങ്കിൽ 2026 ൽ വിദേശ രാജ്യങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള കനാൽസിറ്റി പദ്ധതി ഓണസമ്മാനമായി നൽകുമെന്നും മന്ത്രി പറഞ്ഞു.
മാവേലിക്കസ് പരിപാടി കോഴിക്കോടിന്റെ ഉത്സവമായി മാറുമെന്ന് പരിപാടിയുടെ മുഖ്യാതിഥിയായ വനം വന്യ ജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
ചടങ്ങിൽ എംഎൽഎ മാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ നാരായണൻ, കെ ടി ഐ എൽ ചെയർമാൻ എസ് കെ സജീഷ്, സംഘാടക സമിതി അംഗങ്ങൾ, ഉദ്യോഗസ്‌ഥർ എന്നിവർ പങ്കെടുത്തു. പരിപാടിയിൽ മാവേലിക്കസ് 2025 നോട് അനുബന്ധിച്ച് നടന്ന മെഗാ പൂക്കള മത്സരവിജയികൾക്കല്ലുള്ള സമ്മാനദാനവും നിർവഹിച്ചു
ഒന്നു മുതൽ ഏഴ് വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഒമ്പത് വേദികളിലായാണ് പരിപാടികൾ നടക്കുന്നത്. സര്‍ഗാലയിലെ പ്രവേശന ഫീസ് ഒഴികെ എല്ലാ വേദികളിലും പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. വേദികളിൽ വൈകിട്ട് ആറിനാണ് പരിപാടികൾ ആരംഭിക്കുക.