കോഴിക്കോട്: വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ 9,10,11 വാര്‍ഡുകളെയും നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ 3ാം വാര്‍ഡും ദുരന്തബാധിതമായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുള്‍പൊട്ടലില്‍ നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് നല്‍കിയിരുന്ന താല്‍ക്കാലിക താമസത്തിനുള്ള വാടകയും മരിച്ചവരുടെ നിയമപരമായ അവകാശികള്‍ക്ക് സിഎംഡിആര്‍എഫില്‍ നിന്നുള്ള അധിക എക്‌സ്‌ഗ്രേഷ്യയും ഉള്‍പ്പെടെയുള്ള എല്ലാ ധനാശ്വാസവും ഇവര്‍ക്കും നല്‍കും. ഉരുള്‍പൊട്ടല്‍ബാധിത കുടുംബങ്ങളിലെ എല്ലാ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും പ്രാദേശിക ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടതുപോലെ സൗജന്യ റേഷനും അനുവദിക്കും.
ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട വിലങ്ങാട് ഉരുള്‍പ്പൊട്ടലില്‍ വലിയ നാശനഷ്ടമാണ് സംഭവിച്ചത്. 14 വീടുകള്‍ പൂര്‍ണമായും ഒഴുകിപ്പോയി. 112 വീടുകള്‍ വാസയോഗ്യമല്ലാതായി. നാല് കടകളും നശിച്ചു. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങള്‍ ഉള്‍പ്പെടെ തകര്‍ന്നതില്‍ 156 ലക്ഷം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പു റോഡ് വിഭാഗം കണക്കാക്കിയത്.