കോഴിക്കോട്: ചേവായൂർ പൊലീസ് സ്റ്റേഷനിൽ നിന്നും പ്രതി രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ റിപ്പോർട്ട് പരിശോധിക്കുകയാണെന്നും ഇന്ന് നടപടിയുണ്ടാകുമെന്നും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.വി.ജോർജ്ജ്. ചിൽഡ്രൻസ് ഹോമിൽ നിന്നും ചാടിപ്പോയ പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ട് പേർക്കെതിരെ കേസെടുത്തതെന്നും കമ്മീഷണർ വ്യക്തമാക്കി. പെൺകുട്ടികൾ ഇപ്പോൾ യുവാക്കൾക്ക് പങ്കില്ലന്ന് പറയുന്നത് പരിശോധിക്കണം. കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധ നൽകണമെന്നാണ് തന്റെ അഭ്യർത്ഥനയെന്നും എവി ജോർജ് കൂട്ടിച്ചേർത്തു.
കോഴിക്കോട് ചിൽഡ്രൻസ് ഹോം അന്തേവാസികളായ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി ചാടിപ്പോയ സംഭവത്തിൽ പൊലീസുകാർക്കെതിരെ അന്വേഷണ റിപ്പോർട്ട് നേരത്തെ അസി.കമ്മീഷണർ സമർപ്പിച്ചിരുന്നു. ചേവായൂർ സ്റ്റേഷനിലെ രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി എന്നാണ് സ്പെഷൽ ബ്രാഞ്ച് അസിസ്റ്റൻ്റ് കമ്മീഷണറുടെ കണ്ടെത്തൽ. സ്റ്റേഷനിൽ പാറാവ് നിന്ന പൊലീസുകാരനും ജനറൽ ഡ്യൂട്ടി ഉദ്യോഗസ്ഥനും വീഴ്ചയുണ്ടായതായാണ് എ സി പി യുടെ റിപ്പോർട്ടിൽ ഉണ്ട്.
ഇവർക്കെതിരെ വകുപ്പുതല നടപടി ശുപാർശ ചെയ്യുന്ന അന്വേഷണ റിപ്പോർട്ട് ഇന്നലെ സിറ്റി പോലീസ് കമ്മീഷണർക്ക് സമർപ്പിച്ചിരുന്നു. ശനിയാഴ്ച വൈകീട്ട് ആറ് മണിയ്ക്കാണ് പോക്സോ കേസ് പ്രതിയായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി ഓടി രക്ഷപ്പെട്ടത്. പിന്നീട് ഫെബിനെ പോലീസ് പിടികൂടിയിരുന്നു.
ബാലമന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് പുറത്തുകടക്കാൻ ശ്രമം നടത്തിയതെന്ന് കുട്ടികൾ നേരത്തെ പൊലീസിന് മൊഴിനൽകിയിരുന്നു. കുട്ടികളുടെ എതിർപ്പ് മറികടന്ന് തിരികെ ബാലമന്ദിരത്തിലെത്തിച്ചപ്പോൾ ഒരാൾ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കുട്ടികളിൽ നിന്ന് വിശദമായ മൊഴി സി ഡബ്ള്യു സി രേഖപ്പെടുത്തിയത്. ചാടിപ്പോയ കുട്ടികളിൽ ഒരാളെ മാതാവ് കൂട്ടിക്കൊണ്ടുപോയി. ബാക്കി കുട്ടികളെ മറ്റൊരു ബാലമന്ദിരത്തിലേക്ക് ഉടൻ തന്നെ മാറ്റിയേക്കും. അതിനിടെ അറസ്റ്റിലായ യുവാക്കൾ നിരപരാധികളെന്ന് വിളിച്ചുപറഞ്ഞ് കുട്ടികൾ ഇന്നലെ മാധ്യമങ്ങൾക്ക് മുമ്പിലെത്താൻ ശ്രമിച്ചെങ്കിലും അധികൃതർ ഇടപെട്ട് നീക്കി. തിരികെ ബാലമന്ദിരത്തിലെത്തിച്ചതിലും കുട്ടികൾ പ്രതിഷേധിച്ചു.