Friday, May 17, 2024
Art & CultureLatestTourism

ആഹ്ലാദത്തിമിർപ്പിൽ കോഴിക്കോട് : ബേപ്പൂർ വാട്ടർ ഫെസ്റ്റിന് തിരശീലയുയർന്നു


കോഴിക്കോട്: ഇനി ആഘോഷ നാളുകൾ. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന് തിരശീലയുയർന്നു. ജലോത്സവത്തിന്റെ കർട്ടൻ റെയിസറായി അരങ്ങേറിയ ഗൗരി ലക്ഷ്മി ലൈവ് ഷോ കാണാൻ നല്ലൂർ ഇ കെ നായനാർ സ്റ്റേഡിയത്തിലെത്തിയത് ആയിരങ്ങൾ. “കൈതോലപ്പായ വിരിച്ച്‌ ” തുടങ്ങിയ നാടൻ പാട്ടുകളുടെ ശീലുകൾ സ്റ്റേഡിയത്തിലുയർന്നപ്പോൾ കാണികൾ ആവേശത്തോടെ താളം പിടിച്ചു. ഫാസ്റ്റ് നമ്പറുകളും, പഴയകാല സിനിമാ ഗാനങ്ങളും കോർത്തിണക്കിയ ലൈവ് ഷോ ആളുകളെ ആഹ്ലാദത്തിമിർപ്പിലാക്കി. ഗൗരി ലക്ഷ്മിയും സംഘവും പാട്ടും നൃത്തവുമായെത്തിയപ്പോൾ അവിടെ കൂടിയവർ രാവ് ആഘോഷമാക്കി.

ഡിസംബർ 24 മുതൽ 28 വരെ ബേപ്പൂർ, ചാലിയം എന്നിവിടങ്ങളിലാണ് ജലോത്സവം നടക്കുക. വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി ടി പി സി യും സംയുക്തമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

ഫറോക്ക് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സമീഷ്, ജില്ലാ വികസന കമ്മീഷണർ എം എസ് മാധവിക്കുട്ടി, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജി അഭിലാഷ്, ടൂറിസം വകുപ്പ് സെപ്യൂട്ടി ഡയറക്ടർ കെ എസ് ഷൈൻ, കൾച്ചറൽ കമ്മിറ്റി ചെയർമാൻ കെ സജീവ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എൽ യു അഭിത്, വളണ്ടിയർ കമ്മിറ്റി ചെയർമാൻ കെ ഷഫീഖ്, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനർ ജയദീപ് തുടങ്ങിയവർ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply