Thursday, December 26, 2024
HealthLatest

കൊവിഡ് പടരുന്നു, ലക്ഷണമുള്ളവർ പരിശോധിക്കണം; ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ മന്ത്രിയുടെ നിർദേശം


തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. ജലജന്യ, ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. കൊവിഡ് കേസുകള്‍ ക്രമേണ കൂടി വരുന്നെങ്കിലും ആശങ്ക വേണ്ട. ഇപ്പോള്‍ പകരുന്നത് ഒമിക്രോണ്‍ വകഭേദമാണ്. ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവരും കുറവാണ്. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. ധാരാളം പനി കേസുകള്‍ വരുന്നതിനാല്‍ കോവിഡ് ലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തണം. എല്ലാ ജില്ലകളും നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ കോവിഡിന്റേയും പകര്‍ച്ചവ്യാധികളുടേയും സ്ഥിതി വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജില്ലകള്‍ ജാഗ്രത തുടരണം. സംസ്ഥാനത്ത് പനി വര്‍ധിച്ച് വരികയാണ്. പനി ബാധിക്കുന്നവര്‍ ഏത് തരം പനിയാണെന്ന് ഉറപ്പ് വരുത്തണം. നീണ്ടു നില്‍ക്കുന്ന പനിയ്ക്ക് വിദഗ്ധ ചികിത്സ തേടേണ്ടതാണ്. കോവിഡ് വാക്‌സിന്‍ ഇനിയും എടുക്കാനുള്ള എല്ലാവരും വാക്‌സിന്‍ എടുക്കേണ്ടതാണ്. രണ്ടാം ഡോസ് എടുക്കാനുള്ളവരും കരുതല്‍ ഡോസ് എടുക്കാനുള്ളവരും എത്രയും വേഗം വാക്‌സിന്‍ എടുക്കേണ്ടതാണ്. എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കേണ്ടതാണ്. വാര്‍ഡ് തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ച് വാക്‌സിന്‍ എടുത്തെന്ന് ഉറപ്പാക്കണം.


Reporter
the authorReporter

Leave a Reply