കോഴിക്കോട്:സ്വതന്ത്രസോഫ്റ്റ്വെയറിനെ സ്വീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും നയമായിസ്വീകരിച്ച ലോകത്തേതന്നെ ഏകപ്രദേശമാണു കേരളമെന്ന് മുൻധനമന്ത്രിയും വിജ്ഞാനകേരളം മുഖ്യ ഉപദേഷ്ടാവുമായ ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. ഡിഎകെഎഫിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സോഫ്റ്റ്വെയർ ഫ്രീഡം ഡേ 2025 ആഘോഷത്തിന്റെ ഉദ്ഘാടനവും ഡോ. ബി. ഇക്ബാൽ രചിച്ച ‘സ്വതന്ത്രസോഫ്റ്റ്വെയർ തത്വശാസ്ത്രം: സിദ്ധാന്തവും പ്രയോഗവും’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
വി എസ് മന്ത്രിസഭയുടെ കാലത്ത് വിവിധ വകുപ്പുകളും സ്ഥാപനങ്ങളും സ്വതന്ത്രസോഫ്റ്റ്വെയർ നടപ്പാക്കാൻ മത്സരിക്കുകയായിരുന്നു. രാഷ്ട്രീയമാനമുള്ള പോരാട്ടത്തിന്റെ ആ ശക്തി പിന്നീടു നഷ്ടമായെങ്കിലും കേരളത്തിൽ സർക്കാരിലും പൊതുവിലും സ്വതന്ത്രസോഫ്റ്റ്വെയറിന്റെ സ്വാധീനം ഇന്നും ശക്തമാണ്. കൈറ്റ് വിക്റ്റേഴ്സും ഐസിഫോസും ആ മുന്നേറ്റത്തിന്റെ ഉജ്ജ്വലമാതൃകകളാണെന്നും തോമസ് ഐസക്ക് പറഞ്ഞു.
എഐയുടെ ഇക്കാലത്ത് ആ സേവനങ്ങൾ സ്വതന്ത്ര സോഫ്റ്റ്വെയറിലേക്കു മാറുകയാണെങ്കിലും വിവരങ്ങൾ സ്വതന്ത്രമാകുന്നില്ലെന്നും അതിനായി ശക്തമായ പ്രവർത്തനം ആവശ്യമാണെന്നും ഫ്രീ സോഫ്റ്റ്വെയർ മൂവ്മെന്റ് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി വൈ. കിരൺ ചന്ദ്ര അഭിപ്രായപ്പെട്ടു.
ഡിഎകെഎഫ് പ്രസിഡന്റ് കെ. അൻവർ സാദത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സർവ്വവിജ്ഞാനകോശം ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ്ജ് പുസ്തകം ഏറ്റുവാങ്ങി. ചിന്ത പബ്ലിഷേഴ്സ് എഡിറ്റർ കെ. എസ്. രഞ്ജിത്ത് പുസ്തകം പരിചയപ്പെടുത്തി. ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. എ. സാബു, ഐ സി ഫോസ് ഡയറക്ടർ ഡോ. സുനിൽ തോമസ്, ഡോ. അച്യുത് ശങ്കർ എന്നിവർ സംസാരിച്ചു. ഡോ. ബി. ഇക്ബാൽ മറുപടിപ്രസംഗം ചെയ്തു. ഡിഎകെഎഫ് ജനറൽ സെക്രട്ടറി ടി. ഗോപകുമാർ സ്വാഗതവും ജില്ലാപ്രസിഡന്റ് പി. എസ്. രാജശേഖരൻ നന്ദിയും പറഞ്ഞു.