കോഴിക്കോട്: കല്ലായി കണ്ണഞ്ചേരി സ്വദേശി കണ്ണൻകുട്ടി മകൻ മാടായി വീട്ടിൽ ബാബുരാജ്(48) വധക്കേസിൽ പ്രതി മുരളിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി. കോഴിക്കോട് ഒന്നാം ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് ജഡ്ജ് കെ. അനിൽകുമാർ ആണ് പൊക്കുന്ന് കുറ്റിയിൽത്താഴം കിഴക്കേതൊടി വീട്ടിൽ മുരളിയെ(44) ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴകൊടുക്കുന്നതിനും ശിക്ഷ വിധിച്ചത്. പിഴസംഖ്യ മരണപ്പെട്ട ബാബുരാജിന്റെ ഭാര്യയ്ക്ക് നൽകണം. പിഴയൊടുക്കാത്ത പക്ഷം 3 വർഷം അധിക കഠിന തടവ് അനുഭവിക്കേണ്ടിടി വരും.
2019 മെയ് 22ന് ഉച്ചയോടെയാണ് ബാബുരാജനെ മുരളി കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത്. പ്രതി മുൻവൈരാഗ്യം വെച്ച് ബാബുരാജിനെ കിണറിനടുത്തേക്ക് വിളിച്ചുകൊണ്ടുവന്ന് കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. കോഴിക്കോട് പി.വി.എസ് ആശുപത്രിക്ക് പിന്നിലുള്ള ഡോ. ബാലഗോപാൽ എന്നയാളുടെ കൈവശത്തിലുള്ള പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിനടുത്തുള്ള കിണറ്റിലേക്കാണ് മുരളി ബാബുരാജിനെ തള്ളിയിട്ടത്. കിണറ്റിനുള്ളിലേക്ക് വീഴുമ്പോള്‍ ബാബുരാജിനുണ്ടായ ഗുരുതരമായ പരിക്കാണ് മരണകാരണമായതെന്ന് പോസ്റ്റുമോര്‍ട്ടത്തില് കണ്ടെത്തിയിരുന്നു..
പ്രോസിക്യൂഷൻ ഭാഗത്തു നിന്നും കേസിൽ 31 സാക്ഷികളെ വിസ്തരിച്ചു, 52 രേഖകളും, 13 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷൻ സാക്ഷികളിൽ മൂന്നു പേർ വിചാരണ വേളയിൽ കൂറുമാറി. കോഴിക്കോട് ടൗൺ പൊലീസ് ഇൻസ്പെക്ടർമാരായ ബിനു ടി.എസ്, ഉമേഷ്.എ എന്നിവരാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജോജു സിറിയക്, അഡ്വക്കേറ്റ് നിതിത ചക്രവർത്തിനി എന്നിവർ ഹാജരായി.