Sunday, January 19, 2025
Latest

കൈപ്രംകടവ് റോഡ്; തത്പരകക്ഷികള്‍ ഭൂമി പിടിച്ചെടുക്കുന്നത് അനുവദിക്കില്ല


കോഴിക്കോട്: കുറ്റ്യാടി – കൈപ്രംകടവ് റോഡ് പ്രവൃത്തി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പൂര്‍ത്തിയാക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലെ റോഡ് കേന്ദ്രസര്‍ക്കാരിന്റെ സിആര്‍എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് മീറ്റര്‍ വീതിയില്‍ താര്‍ ചെയ്യുന്നതിനാണ് വിഭാവനം ചെയ്തിരിക്കുന്നത്. കോഴിക്കോട് പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയിലും എസ്റ്റിമേറ്റിലും ഇക്കാര്യമുണ്ട്. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍നിന്നു ലഭിച്ച മറുപടിയിലും ഇതുതന്നെയാണുള്ളത്. എന്നാല്‍ ചില തത്പരകക്ഷികള്‍ റോഡ് ഒന്‍പത് മീറ്ററിലാണ് നിര്‍മിക്കുന്നതെന്ന് സ്വയം പ്രചരിപ്പിക്കുകയും അതിനനുസരിച്ച് മറ്റുള്ളവരുടെ ഭൂമി പിടിച്ചെടുക്കുകയും ചെയ്യുകയാണ്. വേളം കൂളിക്കുന്നിലെയും കുറ്റ്യാടി ഊരത്തെയും ചില പ്രദേശങ്ങള്‍ ഇതുപോലെ റോഡിലേക്ക് ചേര്‍ത്ത് കൈപ്രംകടവ് റോഡ് ഒന്‍പതു മീറ്ററില്‍ പണിതുടങ്ങി എന്ന് പ്രചരിപ്പിക്കുയും ചെയ്യുന്നു. ഇത് സര്‍ക്കാര്‍ മുന്നോട്ടുവച്ച പദ്ധതി രൂപരേഖയ്ക്കു വിരുദ്ധമാണ്. അതിനാല്‍ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരിക്കുകയാണ് പലരും.

റോഡ് കടന്നുപോകുന്ന കുറ്റ്യാടി വളയന്നൂര്‍ പ്രദേശം ജനനിബിഡമാണ്. ഇവിടെ നിലവില്‍ അഞ്ചുമീറ്ററും അതില്‍ക്കൂടുതലും വീതിയുള്ള രൂപത്തിലാണ് റോഡിന്റെ ഘടന. അതിനാല്‍ സ്ഥലം ഏറ്റെടുക്കേണ്ട ആവശ്യം വരുന്നില്ല. എന്നാല്‍ റോഡുമായി യാതൊരു ബന്ധവുമില്ലാത്ത ചിലര്‍ വ്യക്തിവിദ്വേഷവും സ്ഥാപിത താല്‍പ്പര്യങ്ങളും മുന്‍നിര്‍ത്തി പരിസരവാസികളുടെ വീടും മതിലും പറമ്പുമെല്ലാം ഇടിച്ചുനിരത്തണമെന്ന വാശിയില്‍ നിലകൊള്ളുകയാണ്. ഇതിനായി ഇവർക്കുള്ള ചെലവ് തുക എവിടെനിന്ന് കിട്ടുന്നു എന്ന് വ്യക്തമല്ല. സർക്കാർ വകയിരുത്തിയ ഫണ്ട് ഏതായാലും വകമാറ്റി ചെലവഴിക്കാൻ കഴിയില്ലല്ലോ. ഇത്തരം വിഷയങ്ങൾ ഉൾപ്പെടുത്തി മാധ്യമങ്ങളില്‍ നല്‍കുന്ന വാര്‍ത്തകള്‍ പോലും ഇക്കൂട്ടര്‍ പ്രാദേശിക ലേഖകരെ സ്വാധീനിച്ച് എടുത്തുമാറ്റുകയാണ്.

അവര്‍ ഇതില്‍നിന്നു പിന്തിരിയണം. ഈ പദ്ധതിക്ക് സര്‍ക്കാര്‍ മുന്നോട്ടുവച്ച രൂപരേഖയ്ക്കപ്പുറം ഒരിഞ്ചു ഭൂമിപോലും വിട്ടുകൊടുക്കാന്‍ പരിസരവാസികള്‍, പ്രത്യേകിച്ച് വളയന്നൂർ നിവാസികൾ തയ്യാറല്ല. എന്നാല്‍ സര്‍ക്കാരിന്റെ പദ്ധതിയോട് പൂര്‍ണമായി സഹകരിക്കുകയും ചെയ്യും. അനധികൃതമായി ഭൂമി കൈയേറുകയും പൊതുപരാമത്ത് ജോലികളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയും ഉദ്യോഗസ്ഥരുടെ മേല്‍ സൂപ്പര്‍ ഉദ്യോഗസ്ഥപദവി ചമയുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് കാരപ്പാറ ആലി, ട്രഷറർ കല്ലാറ അബ്ദുല്‍ സലാം , കോഡിനേറ്റർ കാപ്പുങ്കര കരീം, ജോ.സെക്രട്ടറി രതീഷ് കെ. പോക്കർ കെ.പി , വാസു എ.കെ, അലി വി.കെ, അമ്മദ് എൻ കെഎന്നിവര്‍ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply