Sunday, December 22, 2024
GeneralLatestPolitics

സിപിഎം- പൊലീസ് ഗൂഢാലോചനയെ രാഷ്ട്രീയമായും നിയമപരമായും നേരിടും: കെ.സുരേന്ദ്രൻ


തിരുവല്ല: സിപിഎമ്മിന്റെ ഗുണ്ടാസംഘം നടത്തിയ കൊല ബിജെപിയുടെ തലയിൽ കെട്ടിവെയ്ക്കാനുള്ള പൊലീസ്-സിപിഎം ഗൂഢാലോചന ബിജെപി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസിനെ ഉപയോഗിച്ച് വ്യാജപ്രചരണം നടത്തി നാട്ടിൽ കലാപമുണ്ടാക്കാനുള്ള സിപിഎമ്മിന്റെ അപകടകരമായ രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി ശക്തമായി നേരിടും. തിരുവല്ലയിലെ വനിതാ നേതാവ് സിപിഎം പ്രാദേശിക നേതാവിനെതിരെ ഉയർത്തിയ പീഡന പരാതിയും കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണം. പത്തനംത്തിട്ട ജില്ലയിലുള്ള സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങളും അന്വേഷിക്കണം. തിരുവല്ലയിലെ കൊലപാതകത്തിൽ ബിജെപിക്ക് പങ്കില്ലെന്നും രാഷ്ട്രീയ കൊലപാതകമല്ലെന്നും പറഞ്ഞത് പത്തനംത്തിട്ട ജില്ലാ പൊലീസ് മേധാവി നിശാന്തിനിയാണ്. എന്നാൽ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പൊലീസിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണിക്ക് വഴങ്ങിയാണ് പൊലീസ് ബിജെപി പ്രവർത്തകർ സംഘം ചേർന്നു സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തി എന്ന എഫ്ഐആർ നൽകിയത്. സിപിഎം പറയുന്നത് പോലെയാണ് പൊലീസ് പ്രവർത്തിക്കുന്നതെങ്കിൽ അത് അനുവദിച്ചു തരാൻ ബിജെപി ഒരുക്കമല്ല. രാജ്യത്ത് പൊലീസിനും മുകളിൽ മറ്റ് ഭരണഘടനാ സ്ഥാപനങ്ങളും ജുഡീഷ്യറിയും ഉണ്ട്. സിപിഎമ്മിന്റെ പോഷകസംഘടനയായി പ്രവർത്തിക്കുന്നതിന് കേരള ഡിജിപി ഉത്തരവാദിത്വപ്പെട്ടവർക്ക് മുമ്പിൽ മറുപടി നൽകേണ്ടി വരും. സന്ദീപ് വധക്കേസിൽ അറസ്റ്റിലായ മുഹമ്മദ് ഫൈസൽ ബിജെപിക്കാരനാണോ? ഇയാളുടെ പശ്ചാത്തലമെന്താണ് എന്ന് പൊലീസ് വ്യക്തമാക്കണം. റെഡ് വോളന്റിയർ യൂണിഫോമിൽ സിപിഎം പരിപാടിയിൽ പങ്കെടുക്കാറുള്ള നന്ദുകുമാർ ബിജെപിയാണോ? സജീവ സിപിഎം പ്രവർത്തകനായ വിഷ്ണുകുമാർ എന്ന അഭി ബിജെപി പ്രവർത്തകനാണോ? പായിപ്പാട് സ്വദേശിയായ പ്രമോദ് പ്രസന്നൻ ബിജെപിയാണോ? ഇവരെല്ലാം സിപിഎം പ്രവർത്തകരാണെന്ന് വ്യക്തമായിട്ടും ബിജെപിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതിന് പൊലീസിനെ കൊണ്ട് മറുപടി പറയിപ്പിക്കുക തന്നെ ചെയ്യും. എകെജി സെന്ററിൽ നിന്നും എഴുതിയ ഭോഷ്ക്ക് എഫ്ഐആർ ആണിതെന്നും സുരേന്ദ്രൻ പറഞ്ഞു.


Reporter
the authorReporter

Leave a Reply