തിരുവനന്തപുരം:കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഴുവന്‍ കടബാധ്യതയും വഹിക്കാമെന്ന് കേരളം. ഇതുസംബന്ധിച്ച് തീരുമാനം അറിയിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വായ്പയ്ക്ക് ഗ്യാരണ്ടി നില്‍ക്കില്ലെന്നും സംസ്ഥാനം തന്നെ ബാധ്യത ഏറ്റെടുക്കണമെന്നും കേന്ദ്രം നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞമാസം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ വിദേശവായ്പയുടെ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. വിദേശ ഏജന്‍സികളില്‍ നിന്ന് വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്ന 33,700 കോടി രൂപ കേരളം തന്നെ വഹിക്കണമെന്ന് റെയിവെ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ് മുഖേന എഡിബി അടക്കമുള്ള ഏജന്‍സികളില്‍ നിന്ന് ഇത്രയും തുക വായ്പയെടുക്കാനായിരുന്നു ശിപാർശ.
തിരുവനന്തപുരം മുതല്‍ കാസർകോട് വരെയുള്ള സെമി ഹൈ സ്പീഡ് റെയില്‍ ലൈൻ പദ്ധതിയുടെ ആകെ ചെലവായി പ്രതീക്ഷിക്കുന്നത് 63,941 കോടി രൂപയാണ്. ഇതില്‍ കേന്ദ്രവിഹിതം 2150 കോടി രൂപയാണ്. പ്രതിപക്ഷത്തിന്റെ എതിർപ്പും കേന്ദ്രസർക്കാരിന്റെ സഹകരണ കുറവും പദ്ധതി ലക്ഷ്യത്തിലെത്തിക്കുന്നതിൽ സർക്കാരിന് വലിയ വെല്ലുവിളിയാണ്.