കൊച്ചി:ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ (63) അന്തരിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
2004-ല്‍ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിതനായ അദ്ദേഹം കൊല്‍ക്കത്ത, തെലങ്കാന, ഹൈദരാബാദ്, ചത്തീസ്ഗഢ് ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായിരുന്നു.
കൊല്ലം സ്വദേശിയാണ്.
2004 മുതല്‍ 2017 വരെ കേരളാ ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്ന അദ്ദേഹം ഇവിടെ രണ്ടു തവണ ആക്ടിങ് ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസുമായിരുന്നു.
പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലും ഭരണകൂടം വീഴ്ചവരുത്തുമ്പോള്‍ നേരിട്ട് ഇടപെടുന്ന ന്യായാധിപനായിരുന്നു.
വെള്ളക്കെട്ട് പരിഹരിക്കുന്നതില്‍ കൊച്ചി നഗരസഭയുടെ ഭാഗത്ത് വീഴ്ചയുണ്ടായപ്പോള്‍ തന്റെ വസതിക്കു മുന്നിലെ ഓട വൃത്തിയാക്കാന്‍ തൂമ്പയുമായി നേരിട്ടിറങ്ങിയിട്ടുണ്ട് അദ്ദേഹം.
പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലും കേസെടുത്ത് നീതി ഉറപ്പാക്കിയ ന്യായാധിപനായിരുന്നു.