Friday, December 27, 2024
LatestPolitics

പിണറായി പിന്തുടരുന്നത് ശരിയത്ത് നിയമമാണോ എന്ന് വ്യക്തമാക്കണം: എം.ടി. രമേശ്


കോഴിക്കോട്: പിണറായി വിജയന്‍ സര്‍ക്കാര്‍ ശരിയത്ത് നിയമത്തിന് അനുസരിച്ചാണോ അതോ ഭാരത ഭരണഘടനയ്ക്ക് അനുസരിച്ചാണോ ഭരണം നടത്തുന്നതെന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആവശ്യപ്പെട്ടു.കുടുംബശ്രീ പ്രതിജ്ഞ പിന്‍വലിച്ച നടപടി അങ്ങേയറ്റം അപലപനീയമാണ്.  തുല്യനീതിയും തുല്യ അവസരവും ലിംഗസമത്വവുമാണ് രാജ്യത്തിന്റെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നത്. അത് നടപ്പിലാക്കുകയാണ് ഭരണകൂടത്തിന്റെ പ്രാഥമിക കര്‍ത്തവ്യം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാ മൂല്യങ്ങളെയും തത്വങ്ങളെയും പിന്‍തുടരുന്നില്ല അതിന് പകരം മതമൗലികവാദികളുടെയും ഭീകരസംഘടനകളുടെയും താല്‍പര്യങ്ങള്‍ക്കനുസൃതമായി നിലപാടുകള്‍ സ്വീകരിക്കുകയാണ്. മുസ്ലീം യാഥാസ്ഥിതിക സംഘടനകളുടെ നേതൃത്വത്തിന് മുന്നില്‍ സര്‍ക്കാര്‍ പഞ്ചപുച്ചമടക്കി മുട്ടുമടക്കിയിരിക്കുന്നു. അവരുടെ തിട്ടൂരങ്ങളും തീരുമാനങ്ങളുമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കുടുംബശ്രീ പ്രതിജ്ഞ പിന്‍വലിക്കാന്‍ തയ്യാറായത്. സ്ത്രീപുരുഷ സമത്വത്തെക്കുറിച്ചുള്ള ഒരു വാചകമാണ് മുസ്ലിം സംഘടനകളെ പ്രകോപിപ്പിച്ചത്. ഈ പ്രകോപനത്തിന് അടിപെട്ട സര്‍ക്കാര്‍, സമസ്തയുടെ ഭീഷണിക്കു മുമ്പില്‍ മുട്ടുമടക്കുന്നത് ഇത് ആദ്യമല്ല.
വഖഫ് നിയമനം പിഎസ്എസിക്ക് വിട്ടുകൊടുത്ത നടപടി പിന്‍വലിച്ചത്, ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കാന്‍ എടുത്ത തീരുമാനത്തില്‍ നിന്ന് പിറകോട്ടു പോയത്, വിദ്യാര്‍ത്ഥികളുടെ ജന്റര്‍ ന്യൂട്രല്‍ യൂണിഫോം  പിന്‍വലിച്ചത് എന്നിവയെല്ലാം സമസ്തയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടായിരുന്നു. സ്ത്രീ പുരുഷ സമത്വം ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളതാണ്. ഇതിനെ തള്ളിപ്പറയുന്നതാണോ നവോത്ഥാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സ്ത്രീകളുടെ കലാപരിപാടികള്‍ പുരുഷന്മാര്‍ക്ക് കാണാന്‍ അനുവാദമില്ലെന്ന തിട്ടൂരത്തിന്റെ ഭാഗമായി കുടുംബശ്രീ കലോത്സവം തന്നെ മാറ്റി വെച്ചിരിക്കുന്നു. താലിബാന്‍ ഭരണമാണോ കേരളത്തില്‍ നടക്കുന്നതെന്ന് പിണറായി വ്യക്തമാക്കണം. ജില്ലാ കലോത്സവത്തില്‍ പാകിസ്താന്‍ അനുകൂല സംഭാഷണം കുട്ടികളെക്കൊണ്ട് പറയിപ്പിച്ചത് അംഗീകരിക്കാനാകില്ല. ജനാധിപത്യവിരുദ്ധവും രാജ്യവിരുദ്ധവുമായ നടപടിയാണിത്. കലാകാരന്മാര്‍ക്ക് സര്‍ഗാവിഷ്‌ക്കാരത്തിനുള്ള സ്വാതന്ത്ര്യമുണ്ട്.  എന്നാല്‍ ചെറിയ കുട്ടികളെകൊണ്ട് രാഷ്ട്രവിരുദ്ധമായ നിലപാടു പറയിപ്പിക്കാന്‍ വിദ്യാഭ്യാസ അധികൃതര്‍ അനുവാദം നല്‍കിയിരിക്കുന്നത് അംഗീകരിക്കാനാകില്ല.  ഒന്നുമറിയാത്ത ചെറിയ കുട്ടികളെകൊണ്ട് പാകിസ്താന്‍ സിന്ദാബാദ് വിളിക്കാന്‍ പ്രേരിപ്പിക്കുന്നത് അപകടകരമായ പ്രവണതയാണ്. കലാമേളയില്‍ കുട്ടികളെക്കൊണ്ട് രാഷ്ട്രവിരുദ്ധ ആശയം അവതരിപ്പിക്കാന്‍ നേതൃത്വം കൊടുത്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


Reporter
the authorReporter

Leave a Reply