കോഴിക്കോട് : രാജ്യസഭാംഗവും നിയുക്ത ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റുമായ പി.ടി ഉഷക്ക് ബിജെപി ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി രമേശ് പി.ടി.ഉഷയെ ഷാൾ അണിയിച്ചുകോണ്ട് സ്വീകരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.വി കെ സജീവൻ ഉപഹാരം നൽകി .
കോഴിക്കോടിന് ഇത് ഇരട്ടി മധുരം ആണെന്ന് ചടങ്ങിൽ എം ടി രമേശ് പറഞ്ഞു.കഴിഞ്ഞ ജൂലായിൽ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ട പി.ടി ഉഷ ഇന്ത്യൻ കായികരംഗം നിയന്ത്രിക്കുന്ന സുപ്രധാനപദവിയിൽ കൂടി എത്തിയിരിക്കുകയാണ്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ആകുന്ന ആദ്യ വനിതയും,മലയാളിയും ആണ് പിടി ഉഷ.ആരും മത്സരത്തിനില്ലാതെ എതിരില്ലാതെ ഈ സ്ഥാനത്ത് ഒരു കായികതാരം എത്തിച്ചേരുന്നതിലൂടെ പി.ടി ഉഷ പുതിയ ചരിത്രമെഴുതി ചേർത്തിരിക്കുകയാണ്. പുതിയ പദവിയെ കുറിച്ച് ഡിസംബർ പത്തിന് ഔദ്യോഗിക പ്രഖ്യാപനം വന്നശേഷം വിശദമായി പ്രതികരിക്കാമെന്നും, ഇന്ത്യൻ കായികരംഗത്തിന്റെ മുന്നേറ്റത്തിന് തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും പിടിഉഷ പ്രതികരിച്ചു.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ എം മോഹനൻ മാസ്റ്റർ, ഇ പ്രശാന്ത് കുമാർ, നേതാക്കളായ ഹരിദാസ് പൊക്കിണാരി,ബി കെ പ്രേമൻ,ടി രനീഷ്, നവ്യ ഹരിദാസ്, രമ്യ മുരളി, അനുരാധ തായാട്ട്, ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ ബിജെപിയുടെ ജനപ്രതിനിധികൾ എന്നിവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.