കോഴിക്കോട്: ഭൂമിശാസ്ത്രപരമായ സവിശേഷത, തീവ്രമായ സംഭവങ്ങളുടെ വർധനവ്, സമീപകാല ഭൂവിനിയോഗ പ്രവണതകൾ എന്നിവ ജില്ലയിൽ മണ്ണൊലിപ്പിന് സാധ്യത വർധിപ്പിക്കുന്നതായി പഠനം. ജില്ലയിൽ ശരാശരി വാർഷിക മണ്ണൊലിപ്പ് ഹെക്ടറിന് 28.7 ടൺ എന്ന തോതിലാണെന്നും ജില്ലാ പഞ്ചായത്ത് നിർദ്ദേശപ്രകാരം മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പും സിഡബ്ല്യുആർഡിഎമ്മും സംയുക്തമായി നടത്തിയ പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വളരെ ചെറിയ മണ്ണൊലിപ്പ് അനുഭവപ്പെടുന്ന പ്രദേശങ്ങൾ, നേരിയ മണ്ണൊലിപ്പ്, മിതമായത്, മിതമായ ഗുരുതരമായ മണ്ണൊലിപ്പ്, കടുത്ത മണ്ണൊലിപ്പ്, വളരെ ഗുരുതരമായ മണ്ണൊലിപ്പ് എന്നിങ്ങനെ വിവിധ തരങ്ങളായി തിരിച്ചാണ് പഠനം നടത്തിയിട്ടുള്ളത്. ജില്ല അഭിമുഖീകരിക്കുന്ന കലാവസ്ഥാ സംബന്ധമായ അപകട സാധ്യതകളും മഴയുടെയും താപനിലയുടെയും ഭാവിയിലെ മാറ്റങ്ങളുമെല്ലാം പഠന വിഷയമായിട്ടുണ്ട്. ജില്ലയിൽ ഭാവിയിൽ മഴ കുറയുകയും താപനില വർധിക്കുകയും ചെയ്യുമെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. മണ്ണൊലിപ്പ് സാധ്യതകൾ വിശകലനം ചെയ്ത് മുൻഗണനാ തലങ്ങളെ അടിസ്ഥാനമാക്കി അനുയോജ്യമായ ശിപാർശകളും നിർദ്ദേശിക്കുന്നുണ്ട്.
ജില്ലയിലെ 5.6 ശതമാനം പ്രദേശങ്ങളിലും വളരെ ഗുരുതരമായ മണ്ണൊലിപ്പ് സാധ്യതയും 7.34 ശതമാനം പ്രദേശങ്ങളിലും കടുത്ത മണ്ണൊലിപ്പ് സാധ്യത നിലനിൽക്കുന്നതായി പഠനത്തിലുണ്ട്. മൊത്തത്തിൽ വളരെ ഗുരുതരമായ മണ്ണൊലിപ്പ് 14.65 ശതമാനം പ്രദേശത്തെയും ബാധിക്കാൻ സാധ്യതയുണ്ട്. വളരെ ഗുരുതരമായ മണ്ണൊലിപ്പ് അനുഭവപ്പെടുന്ന പ്രദേശങ്ങൾ വലിയ അപകട സാധ്യതയിലാണ്. കടുത്ത മണ്ണൊലിപ്പ് സാധ്യയുള്ള പ്രദേശങ്ങളിൽ മണ്ണൊലിപ്പ് നിരക്ക് വളരെ ഉയർന്നതാണ്. ഇത് മണ്ണിന്റെ ഘടനയ്ക്ക് കാര്യമായ നാശമുണ്ടാക്കും. ഇത് കൃഷി യോഗ്യമായ ഭൂമി നഷ്ടപ്പെടുന്നതിനും അവശിഷ്ടങ്ങൾ അടിഞ്ഞു കൂടുന്നത് മൂലം ജലത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നതിനും കാരണമാകും. 3.88 ശതമാനം പ്രദേശത്തെ ബാധിക്കുന്ന മിതമായ ഗുരുതരമായ മണ്ണൊലിപ്പ് ഉയർന്ന വിഭാഗങ്ങളെപ്പോലെ തീവ്രമല്ലെങ്കിലും കാർഷിക പ്രവർത്തനങ്ങളെ ബാധിച്ചേക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നത്. മണ്ണൊലിപ്പ് വർധിക്കുന്നത് തടയുന്നതിന് നിയന്ത്രണ നടപടികൾ ആവശ്യമാണ്. 6.18 ശതമാനം പ്രദേശങ്ങളിൽ മിതമായ മണ്ണൊലിപ്പ് സാധ്യതയുണ്ട്. ഇത് കൈകാര്യം ചെയ്യാവുന്നതാണെങ്കിലും മണ്ണിന്റെ ആരോഗ്യം നിലനിർത്തുന്നതിനും കൂടുതൽ മണ്ണൊലിപ്പ് ഉണ്ടാവാതിരിക്കാൻ തുടർച്ചയായ നിരീക്ഷണവും സംരക്ഷണ രീതികളും പ്രധാനമാണ്. 10. 31 ശതമാനം പ്രദേശങ്ങളിൽ നേരിയ മണ്ണൊലിപ്പ് കാണപ്പെടുന്നുണ്ട്. മണ്ണൊലിപ്പ് നിരക്ക് കുറവാണെങ്കിലും നിസാരമല്ല. പ്രത്യേകിച്ച് കനത്ത മഴക്കാലത്ത് ഈ പ്രദേശങ്ങളിൽ മണ്ണൊലിപ്പ് അനുഭവപ്പെടാം. പക്ഷെ സാധാരണമായി അത് അത്ര തീവ്രമാകാൻ സാധ്യതയില്ല. 52.0 ശതമാനം പ്രദേശങ്ങളിൽ വളരെ ചെറിയ മണ്ണൊലിപ്പാണ് അനുഭവപ്പെടുന്നത്. സുരക്ഷിത സസ്യജാലങ്ങളുടെ ആവരണം, അനുകൂലമായ മണ്ണിന്റെ ഗുണങ്ങൾ, താരതമ്യേന മൃദുവായ ചെരിവുകൾ എന്നിവയുടെ സംയോജനമാണ് ഇവിടെ അപകട സാധ്യത കുറയ്ക്കുന്നത്. മണ്ണൊലിപ്പ് സാധ്യത കുറഞ്ഞ പ്രദേശങ്ങളിൽ ചെക്ക് ഡാം, പുല്ലുകൾ നിറഞ്ഞ ജലപാതകൾ, കുളങ്ങൾ, ജല സംഭരണികൾ എന്നിവയാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്. ഇടത്തരം സാധ്യതയുള്ള സ്ഥലങ്ങളിലും ഉയർന്ന സാധ്യതയുള്ള സ്ഥലങ്ങളിലും സംരക്ഷണ ചാലുകൾ, കൺസർവേഷൻ ബെഞ്ച് ടെറസ്, കോണ്ടൂർ ട്രെഞ്ചുകൾ, കോണ്ടൂർ ബണ്ടിംഗ്, ഗ്രേഡഡ് ബണ്ടിംഗ് എന്നിവയെല്ലാം ശുപാർശ ചെയ്യുന്നുണ്ട്.
 













