ബംഗളൂരു: സ്‌പെയ്‌ഡെക്‌സ് ദൗത്യം നടപ്പാക്കുന്നതിന് മുന്നോടിയായി പരീക്ഷണം നടത്തി ഐ.എസ്.ആര്‍.ഒ. ഞായറാഴ്ച പുലര്‍ച്ചെയാണ് ഐ.എസ്.ആര്‍.ഒയുടെ പരീക്ഷണം നടന്നത്. രണ്ട് ഉപഗ്രഹങ്ങളേയും ആദ്യം 15 മീറ്റര്‍ അടുത്തേക്കും പിന്നീട് മൂന്ന് മീറ്ററിനടുത്തേക്കും എത്തിച്ചു. പിന്നീട് അവയെ സുരക്ഷിത അകലത്തേക്ക് മാറ്റി. വിവരങ്ങള്‍ വിലയിരുത്തിയതിന് ശേഷം ഡോക്കിങ് എപ്പോള്‍ വേണമെന്നതില്‍ തീരുമാനമെടുക്കുമെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു.
ബഹിരാകാശത്ത് വേര്‍പെട്ട രണ്ടു പേടകങ്ങളും ഒന്നായി ചേരുന്ന സ്‌പേസ് ഡോക്കിങ് പ്രക്രിയ ജനുവരി ഏഴിന് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ജനുവരി ഒമ്പതിലേക്ക് ഐ.എസ്.ആര്‍.ഒ മാറ്റിയിരുന്നു. 500 മീറ്ററില്‍ നിന്ന് 225 മീറ്ററിലേക്ക് അകലം കുറക്കുന്നതിനിടെ ത്രസ്റ്ററുകള്‍ പ്രവര്‍ത്തിച്ചപ്പോള്‍ വേഗം കൂടി പോവുകയും വീണ്ടും ഉപഗ്രഹങ്ങളുടെ അകലം കൂട്ടുകയും ചെയ്യേണ്ടി വന്നിരുന്നു. തുടര്‍ന്ന് ഏഴ് കിലോമീറ്ററിലേക്ക് വര്‍ധിപ്പിച്ച ശേഷമാണ് വീണ്ടും അകലം കുറച്ചു തുടങ്ങിയത്.
2035ഓടെ ബഹിരാകാശത്ത് സ്വന്തം നിലയം സ്ഥാപിക്കുകയെന്ന ചരിത്ര ദൗത്യ സാക്ഷാത്ക്കരണലേക്കുള്ള നിര്‍ണായക ചുവടു വയ്പായിരുന്നു ാഐ.എസ്.ആര്‍.ഒയുടെ സ്‌പെയ്‌ഡെക്‌സ് വിക്ഷേപണം. ചേസര്‍ (എസ്.ഡി.എക്‌സ്. 01), ടാര്‍ഗറ്റ് (എസ്.ഡി.എക്‌സ്. 02) ഉപഗ്രഹങ്ങളാണ് സ്‌പെയ്‌ഡെക്‌സില്‍ ഉള്ളത്. കൂടാതെ 24 പരീക്ഷണോപകരണങ്ങള്‍ കൂടി ദൗത്യത്തിലുണ്ട്. റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്‌സ്‌പെരിമെന്റല്‍ മൊഡ്യൂളിലാണ് (POEM) ഈ ഉപകരണങ്ങള്‍ ഭൂമിയെ ചുറ്റുക.
ചാന്ദ്രപര്യവേക്ഷണമായ ചാന്ദ്രയാന്റെ അടുത്തഘട്ടത്തിനും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗന്‍യാനിനും ഡോക്കിങ് ഉപയോഗപ്പെടുത്താനാവും. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ എന്ന പേരില്‍ ഇന്ത്യ വിഭാവനം ചെയ്യുന്ന ബഹിരാകാശനിലയവും ഇതുപോലെ വ്യത്യസ്ത പേടകങ്ങള്‍ ഒരുമിച്ചു ചേര്‍ത്തു കൊണ്ടാവും നിര്‍മിക്കുക.നിലവില്‍ യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് സ്‌പെയ്‌സ് ഡോക്കിങ് നടപ്പാക്കിയത്.