‘നൃത്തശാല’ എന്ന ചിത്രത്തിലൂടെ 1972 – ൽ വെള്ളിത്തിരയിൽ എത്തിയ ഇന്നസെന്‍റ് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായി. മലയാളക്കര ഒന്നടങ്കം പ്രിയ നടനെ ഏറ്റെടുത്തു. ‘ഗജകേസരിയോഗം’, ‘റാംജിറാവു സ്‍പീക്കിംഗ്’, ‘ഡോക്ടർ പശുപതി’, ‘മാന്നാർ മത്തായി സ്‍പീക്കിംഗ്’, ‘കാബൂളിവാല’, ‘ദേവാസുരം’, ‘പത്താംനിലയിലെ തീവണ്ടി’ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അദ്ദേഹം കയ്യടി നേടി. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയത്തിലും ഇന്നസെന്റിന് തിളങ്ങാൻ സാധിച്ചു.