കോഴിക്കോട്:ബേപ്പൂരിൽ ബഷീറിനായൊരുങ്ങുന്നത് ഇമ്മിണി ബല്യ സ്മാരകമാണെന്ന് പൊതുമരാമത്ത് വിനോദസഞ്ചാരവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഒരു സ്മാരകത്തിനും ഉൾക്കൊള്ളാനാവുന്ന വലിപ്പമല്ല ബഷീറെന്ന വിശ്വകലാകാരനുള്ളത്. ബേപ്പൂരിലുയരുന്ന ആകാശമിഠായിയെന്ന ബഷീർ സ്മാരകത്തിന്റെ ശിലാഫലകം അനാഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കഥകളിലൂടെ ലോകമലയാളികളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ കഥാകാരനാണ് ബഷീർ. സുന്ദരമായ ഭാഷയിലൂടെ ലളിതമായ രീതിയിൽ മലയാളിക്ക് ഒരുപിടി നല്ല കഥകളെയും കഥാപാത്രങ്ങളെയും സമ്മാനിച്ച ബഷീറിന്റെ എഴുത്തുലോകത്തിനു ജീവൻ നൽകുന്ന രീതിയിലാണ് സ്മാരകത്തിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോർപ്പറേഷന്റെ സഹകരണത്തോടെ വിനോദസഞ്ചാര വകുപ്പാണ് സ്മാരകം നിർമിക്കുന്നത്. ബേപ്പൂർ ബി.സി റോഡിൽ കോർപ്പറേഷനു കീഴിലെ പഴയ കമ്മ്യൂണിറ്റി ഹാൾ പൊളിച്ചു നീക്കിയാണ് സ്മാരകം നിർമിക്കുന്നത്. നിർമാണത്തിന്റെ ഒന്നാം ഘട്ടത്തിന് 7.37 കോടി രൂപയാണ് ചെലവിടുക. അക്ഷരത്തോട്ടം, കമ്മ്യൂണിറ്റി ഹാൾ, കൾച്ചറൽ സെന്റർ, ഗവേഷണ കേന്ദ്രം, ബഷീർ മ്യൂസിയം, ഗ്രന്ഥാലയം, കുട്ടികളുടെ കളിസ്ഥലം, വാക്ക് വേ, ഫുഡ് സ്റ്റാൾ തുടങ്ങിയവയാണ് ആദ്യമുയരുക. കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള 82.69 സെന്റ് സ്ഥലവും ഇതിനു പുറമെയുള്ള 14 സെന്റ് ഭൂമിയും സ്മാരകത്തിനായി ഉപയോഗിക്കും.
കോഴിക്കോട് കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ പി.ബി. നൂഹ് മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, ടൗൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. കൃഷ്ണകുമാരി, വാർഡ് കൗൺസിലർ എം. ഗിരിജ ടീച്ചർ, മുൻ എം.എൽ.എ പുരുഷൻ കടലുണ്ടി, ആർക്കിടക്ട് വിനോദ് സിറിയക് തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ മക്കളായ അനീസ് ബഷീർ, ഷാഹിന ബഷീർ എന്നിവരും സന്നിഹിതരായിരുന്നു. വിനോദസഞ്ചാരവകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജി. അഭിലാഷ് സ്വാഗതവും കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി നന്ദിയും പറഞ്ഞു.