Thursday, December 26, 2024
Latestsports

വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പ് ലോഗോ പ്രകാശിപ്പിച്ചു; ടൂറിസം മേഖലയ്ക്ക് ഗുണം ചെയ്യുമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ


കോഴിക്കോട് : സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പ് ഗുണം ചെയ്യുമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ . 2023 ഫെബ്രുവരി 23 മുതൽ 27 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന 25 ആം മത് വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല വിദേശ രാജ്യങ്ങളിൽ നിന്നായി കളിക്കാർ എത്തുമ്പോൾ നാട് കാണാനും അവർ ശ്രമിക്കും. അത് വഴി മറ്റ് ലോക സഞ്ചാരികളിലേക്കും കേരളത്തിന്റെ സവിശേഷതകൾ പരിചയപ്പെടുമെന്നും എം എൽ എ പറഞ്ഞു. ഫൂട്ട് വോളി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നതെന്ന് ഫൂട്ട് വോളി അസോസിയേഷൻ കേരള ഭാരവാഹികൾ അറിയിച്ചു.
കലക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ , മൈ ജി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ എ കെ ഷാജിയ്ക്ക് നൽകി ലോഗോ പ്രകാശനം ചെയ്തു.


ജില്ലാ കലക്ടർ ഡോ. തേജ് ലോഹിത് റെഡി അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ, സ്പോർട്സ് കൗൺസിൽ അംഗം ടി എം അബ്ദു റഹിമാൻ , ടഗ്ഗ് ഓഫ് വാർ അസോസിയേഷൻ ജില്ല പ്രസിഡന്റ് എം മുജീബ് റഹ്മാൻ , സംഘാടക സമിതി കൺവീനർ ബാബു പാലക്കണ്ടി , ട്രഷറർ കെ വി അബ്ദുൽ മജീദ് ,ഫൂട്ട് വോളി അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ എ കെ മുഹമ്മദ് അഷറഫ് , ഡോ. അബ്ദുൽ നാസർ, കോർഡിനേറ്റർ അബ്ദുല്ല മാളിയേക്കൽ എന്നിവർ സംസാരിച്ചു.

ഇതാദ്യമാണ് വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻ ഷിപ്പിന് ഇന്ത്യയിൽ ആതിഥേയത്വം വഹിക്കുന്നത്. അമേരിക്ക, ജർമ്മനി, ബ്രസീൽ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള പുരുഷ – വനിതാ മത്സരാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും. സംഘാടക സമിതി ഓഫീസിന്റെ പ്രവർത്തനം നവംബർ ആദ്യവാരം മുതൽ ആരംഭിക്കുമെന്ന് ഓർഗനൈസിങ് സെക്രട്ടറി എ കെ മുഹമ്മദ് അഷറഫ് അറിയിച്ചു.

 


Reporter
the authorReporter

Leave a Reply