തൃപ്രയാര്‍ (തൃശൂര്‍): നാട്ടികയില്‍ 5 പേരുടെ ജീവനെടുത്ത ലോറി അപകടത്തില്‍ കുറ്റം സമ്മതിച്ച് പ്രതികള്‍. മദ്യലഹരിയില്‍ ഇരുപത് സെക്കന്റ് കണ്ണടച്ചു പോയിയെന്ന് ക്ലീനര്‍ അലക്‌സിന്റെ മൊഴി. വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോള്‍ വെട്ടിച്ചു. അപ്പോള്‍ നിലവിളി കേട്ടു. അതോടെ രക്ഷപെടാന്‍ നോക്കിയെന്നുമാണ് ക്ലീനര്‍ അലക്‌സിന്റെ കുറ്റസമ്മത മൊഴി.
അപകടസമയത്ത് ലോറി ഓടിച്ചിരുന്നത് ക്ലീനറാണ്. മദ്യലഹരിയിലായിരുന്ന ഇയാള്‍ക്ക് ലൈസന്‍സില്ല. പ്രതികള്‍ മാഹിയില്‍ നിന്നാണ് മദ്യം വാങ്ങിയതെന്നും അവിടം മുതല്‍ ക്ലീനറും ഡ്രൈവറും മദ്യപിച്ചിരുന്നുവെന്നും തൃശൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു. ദേശീയപാത നിര്‍മാണം നടക്കുന്നതിനാല്‍ നാട്ടിക ഭാഗത്ത് ദിശാസൂചിക ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇത് ശ്രദ്ധിക്കാതെ വാഹനം മുന്നോട്ടെടുത്തതാണ് അപകടത്തിന് ഇടയാക്കിയത്.
മനഃപൂർവ്വമായ നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ രജിസ്ട്രഷനും റദ്ദാക്കിയിരുന്നു.
തടി കയറ്റി വന്ന ലോറി നാട്ടിക ജെ.കെ തിയേറ്ററിനടുത്ത് ഉറങ്ങിക്കിടന്ന നാടോടികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞു കയറുകയായിരുന്നു. നാടോടികളായ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പടെ അഞ്ച് പേരാണ് മരിച്ചത്. കാളിയപ്പന്‍ (50), നാഗമ്മ (39), ബംഗാഴി (20), ജീവന്‍ (നാല്), വിശ്വ (1) എന്നിവരാണ് മരിച്ചത്.