കോഴിക്കോട്: കാരശേരിയിലെ പട്ടികവർഗ കുടുംബങ്ങൾക്ക് ലൈഫ് മിഷൻ വഴി നിർമ്മിച്ച വീടുകൾക്ക് മതിയായ രേഖകളുണ്ടായിട്ടും വൈദ്യുതി കണക്ഷൻ നൽകാത്തതിനെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ 7 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. ജൂലൈ 24 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും.
കൂമ്പാറ സെക്ഷന് കീഴിലുള്ള വീടുകൾക്കാണ് കണക്ഷൻ നൽകാത്തത്. റേഷൻ കാർഡിൽ പട്ടിക വർഗ കുടുംബം എന്ന് രേഖപ്പെടുത്തിയിട്ടും കെ എസ് ഇ ബി നിരത്തുന്നത് മുടന്തൻ ന്യായങ്ങളാണ്. ബി.പി.എൽ വിഭാഗമാണെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ കത്തും കെ എസ് ഇ ബി അധികൃതർ അംഗീകരിക്കുന്നില്ല. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.