Sunday, December 22, 2024
GeneralLatestPolitics

എച്ച്.എസ്.എസ്.ടി.എ 31-ാം സംസ്ഥാന സമ്മേളനം -തൃശ്ശൂരിൽ 


തൃശ്ശൂർ: ഡിപ്പാർട്ടുമെന്റൽ ഹയർസെക്കന്ററി അധ്യാപകരുടെ അംഗീകൃത സംഘടനയായ എച്ച് എസ് എസ് ടി എ യുടെ മുപ്പത്തിയൊന്നാം സംസ്ഥാന സമ്മേളനം  മാർച്ച് 3 , 4 ,5 തീയതികളിൽ തൃശൂരിൽ വച്ചു നടക്കും .
ടൗൺ  ഹാളിൽ ബഹു.പ്രതിപക്ഷ നേതാവ്  വി.ഡി .സതീശൻ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നായകർ പങ്കെടുക്കും.
 1990 ൽ സ്വതന്ത്ര സംഘടനയായി രൂപപ്പെട്ട് പ്രവർത്തിച്ച് വന്ന എച്ച് എസ് എസ് ടി എ യ്ക്ക്  അംഗീകാരം കിട്ടിയത് 2011 ൽ ഉമ്മൻചാണ്ടിയുടെ ഭരണകാലത്താണ്.
 2011 മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നോട് ആഭിമുഖ്യമുള്ള SETO അംഗ സംഘടനയാണ് HSSTA.
 ഇടതു സർക്കാർ അധികാരമേൽക്കുമ്പോഴെല്ലാം പൊതു വിദ്യാഭ്യാസ മേഖലയിൽ വരുത്തുന്ന വികലമായ പരിഷ്കാരങ്ങൾക്കെതിരെ സംഘടന എന്നും സമരമുഖത്താണ്. കഴിഞ്ഞ സർക്കാറിന്റെ കാലത്തും ഇപ്പോഴും  ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ മറവിൽ ഹൈസ്കൂൾ – ഹയർ സെക്കണ്ടറി ലയനം നടപ്പാക്കാനുള്ള എൽഡിഎഫ് സർക്കാർ നീക്കത്തെ താഴെപ്പറയുന്ന കാരണങ്ങളാൽ HSSTA ശക്തമായി എതിർക്കുന്നു
ലോകം മുഴുവൻ വികേന്ദ്രീകരണത്തിലൂടെ ശാക്തീകരണം എന്ന നയം സ്വീകരിക്കുമ്പോൾ,  ഇവിടെ ഏകീകരണത്തിലൂടെ നിലവാരത്തകർച്ച ഉണ്ടാക്കാനുള്ള നീക്കമാണ് നടക്കുന്നത്.
 ഭരണാനുകൂല സംഘടന എന്നും തുടർന്നു പോന്ന ഹയർസെക്കണ്ടറിവിരുദ്ധ രഹസ്യ അജണ്ടയുടെ ഭാഗമായ നടപടികളാണ് ലയന തീരുമാനത്തിൽ പ്രകടമാകുന്നത്
ഭരണാനുകൂല സംഘടനയായ KSTA യുടെ പഠനകമ്മീഷൻ അദ്ധ്യക്ഷനായിരുന്ന ഡോ. എം എ ഖാദറിനെ തന്നെ  അദ്ധ്യക്ഷനാക്കി സർക്കാർ ഔദ്യോഗിക കമ്മിറ്റി രൂപീകരിച്ചതും, കാര്യമായ പഠനങ്ങളില്ലാതെ ആ കമ്മറ്റി നൽകിയ ഒന്നാം ഘട്ട റിപ്പോർട്ട് നടപ്പാക്കാൻ ശ്രമിച്ചതും ദുരുദ്ദേശപരമാണ്. ഇപ്പോൾ അക്കാദമികവും ഭരണപരവുമായ കാര്യങ്ങളിൽ സമൂല മാറ്റം വരുത്താൻ രണ്ടാംഘട്ട റിപ്പോർട്ട്  നൽകാൻ തയ്യാറെടുക്കുന്നതും
ഇതിന് തെളിവാണ്
ഇടത് സഹയാത്രികരും KSTA ബന്ധമുള്ളവരുമായവരെ മാത്രം ഉൾപ്പെടുത്തി ലയനത്തിനായുള്ള വിദഗ്ധ സമിതി രൂപീകരിച്ചത് സർക്കാരിന്റെ ദുരുദ്ദേശം കൂടുതൽ വ്യക്തമാക്കുന്നു.
2009 ലെ വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാനാണെങ്കിൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച പരിഷ്കരണം മാത്രം മതിയാകും
ഹയർ സെക്കന്ററി മേഖലയിലെ സമൂല പരിഷ്കരണത്തിനായി മുൻ സർക്കാറിന്റെ കാലത്ത് സമർപ്പിക്കപ്പെട്ട പ്രഫ. ലബ്ബാകമ്മീഷൻ റിപ്പോർട്ട്  സർക്കാരിന്റെ കൈവശമുണ്ട്. ഹയർ സെക്കണ്ടറിയുടെ ശാക്തീകരണത്തിനും വിദ്യാർത്ഥി – അധ്യാപക ക്ഷേമത്തിനുമായുള്ള ലബ്ബാ കമ്മീഷൻ റിപ്പോർട്ടിലെ നിരവധി നിർദ്ദേശങ്ങളെ മരവിപ്പിച്ചത് തികച്ചും ദുരുദ്ദേശപരമാണ്.
 2020 ലെ ദേശീയ വിദ്യാഭ്യാസ
 നയത്തിനുശേഷം ഖാദർ കമ്മിറ്റി റിപ്പോർട്ട് അപ്രസക്തമാണ്. പ്രത്യേകിച്ചും ഇനി നല്കാനുള്ള രണ്ടാം ഘട്ട റിപ്പോർട്ട്.
നീറ്റ് , JEE  തുടങ്ങിയ ദേശീയ  തലത്തിലുള്ള മത്സരപരീക്ഷകൾക്ക് കുട്ടികളെ പ്രാപ്തരാക്കുന്ന രീതിയിലല്ല ഖാദർ കമ്മറ്റി നിർദ്ദേശിച്ച  പരിഷ്കാരങ്ങൾ . നിലവിൽ കേരളം കൈവരിച്ച അക്കാദമിക നേട്ടങ്ങൾ റിപ്പോർട്ട് നടപ്പാക്കുന്നതിലൂടെ ഇല്ലാതാക്കും
പ്രൈമറി,  സെക്കൻഡറി,  ഹയർ സെക്കൻഡറി , വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നിവയ്ക്ക് പ്രത്യേക ഡയറക്ടറേറ്റ് രൂപീകരിക്കുന്നതാണ് കാര്യക്ഷമതയും ഗുണമേന്മയും ഉറപ്പാക്കുന്നതിന് അനുയോജ്യമായത് എന്നാണ് HSSTA യുടെ പഠനങ്ങൾ വെളിവാക്കുന്നത്. അതേ സമയം മുഴുവൻ വിഭാഗങ്ങളെയും ഉൾപ്പെടുത്തി രൂപീകരിച്ചിരിക്കുന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് അക്കാദമികവും ഭരണപരവുമായ സ്തംഭനമാണുണ്ടാക്കുക
 IAS Officer ന് പകരം വിദ്യാഭ്യാസ വിദഗ്ധനെ പൊതു വിദ്യാഭ്യാസ ഡയറക്ടർ ആക്കാനുള്ള ഖാദർ കമ്മറ്റി  ശുപാര്‍ശ വിദ്യാഭ്യാസത്തെ രാഷ്ട്രീയവൽക്കരിക്കാനാണ്. ഇത് ആശാസ്യമല്ല.
കേരളത്തിലെ ഹയർ സെക്കണ്ടറി സംവിധാനത്തിലേക്ക് മറ്റു സ്ട്രീമുകളിൽ നിന്നായി അര ലക്ഷത്തോളം വിദ്യാർത്ഥികളാണ് പുതിയതായി കടന്നു വരുന്നത്. എന്നാൽ നിലവിലെ രീതിയിൽ ലയനം നടത്തിയാൽ  പൊതുവിദ്യാലയങ്ങളിൽ നിന്ന്  സി ബി എസ് ഇ , ഐ സി എസ് ഇ മേഖലകൾ തേടി കുട്ടികൾ പോകുന്ന സാഹചര്യമാകും ഉണ്ടാവുക.
HSSTA യുടെ കഴിഞ്ഞ  വർഷത്തെപ്രധാന പ്രവർത്തനങ്ങൾ
കോവിഡ്
മഹാമാരിയുടെ പ്രതിസന്ധി കാലത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സംഘടനയ്ക്ക് കഴിഞ്ഞു
* കുട്ടികൾക്കാവശ്യമായ ഇലക്ട്രോണിക് പഠനോപകരണ വിതരണം
* അധ്യാപകർക്ക് ഓൺലൈൻ ട്രെയിനിങ്
* ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച്  ത്രിദിന വെബിനാർ
എന്നിവ സംഘടിപ്പിച്ചു
 കൂടാതെ സർക്കാരിൻറെ പ്രതിലോമകരമായ തീരുമാനങ്ങൾക്കെതിരെ അതാത് സമയങ്ങളിൽ നിവേദനങ്ങൾ നൽകിയും മാധ്യമങ്ങളിലൂടെ അവ പൊതുജനമധ്യത്തിലെത്തിച്ചും അവക്കുള്ള പരിഹാര നിർദേശങ്ങളും സംഘടന നൽകിയിട്ടുണ്ട്.
 പരീക്ഷാ മാനുവൽ പരിഷ്കരണത്തിനും ക്രിയാത്മകമായ നിർദ്ദേശങ്ങൾ നൽകി.
 ഹയർസെക്കണ്ടറിയോടുള്ള നിഷേധാത്മക നിലപാടുകൾക്കെതിരെ നിരവധി  പ്രത്യക്ഷ സമരപരിപാടികൾ സംഘടന നടത്തി.  2021 ആഗസ്റ്റ് ഒന്നിന് ഹയർ സെക്കൻഡറി ദിനത്തിൽ അധ്യാപകരുടെ വീട്ടുമുറ്റത്തു നിന്ന് ആരംഭിച്ച് ഓരോ ജില്ലയിലും രണ്ട് കേന്ദ്രങ്ങളിൽ വീതം എന്ന രീതിയിൽ 14 ജില്ലകളിലും സമരശൃംഖല തീർക്കുകയുണ്ടായി. സമാപനമായി സെക്രട്ടറിയേറ്റ് പടിക്കൽ നടന്ന ഏകദിന ഉപവാസ സമരം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  ഉദ്ഘാടനം ചെയ്തു.
HSSTA  മുപ്പത്തിയൊന്നാം സംസ്ഥാന സമ്മേളനം മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ
*ഹയർസെക്കൻഡറിയെ  ഹൈസ്കൂളുകളുമായി ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക.
* ഹയർ സെക്കണ്ടറിയിൽ ജൂനിയർ അധ്യാപകരായി സേവനമനുഷ്ടിക്കുന്ന അധ്യാപകരെ അഞ്ചു വർഷ സർവീസ് പൂർത്തീകരിക്കുന്ന മുറക്ക് സീനിയർ തസ്തികയിലേക്ക് പ്രമോട്ടു ചെയ്യുക. ജൂനിയർ സർവീസിന് പ്രിൻസിപ്പൽ പ്രമോഷനിൽ അർഹമായ വെയ്റ്റേജ് നൽകുക.
* പ്രിൻസിപ്പൽ പ്രമോഷനു വേണ്ടി ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാർക്ക് അന്യായമായി നൽകിവരുന്ന ക്വാട്ടാ സമ്പ്രദായം അവസാനിപ്പിക്കുക
  * പ്രിൻസിപ്പൽമാരെ ടീച്ചിങ്ങിൽ നിന്നും പൂർണമായും ഒഴിവാക്കുക
* ഹയർസെക്കൻഡറിയിൽ ക്ലാർക്ക് , പ്യൂൺ , ലൈബ്രേറിയൻ തുടങ്ങിയ അനധ്യാപക തസ്തിക സൃഷ്ടിക്കുക
* ഹയർ സെക്കന്ററി അദ്ധ്യാപക സ്ഥലം മാറ്റം  സമയബന്ധിതമായും സുതാര്യമായും നടപ്പിലാക്കുക.
* പരീക്ഷാ മാനുവലിൽ കടന്നുകൂടിയ അപാകതകൾ സംഘടന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളത് അടിയന്തരമായി പരിഹരിക്കുക.
മാർച്ച് 3 ന് തൃശ്ശൂർ ജവഹർ ബാലഭവനിൽ ആരംഭിക്കുന്ന സമ്മേളനത്തിന്റെ ആദ്യദിനത്തിൽ സംസ്ഥാന സമിതി യോഗം , വിദ്യാഭ്യാസ സെമിനാറുകൾ, വനിതാ സമ്മേളനം എന്നിവ നടക്കും.
മാർച്ച് 4 വെള്ളിയാഴ്ച തൃശ്ശൂർ ടൗൺ ഹാളിൽ ( പി ടി തോമസ് നഗർ )  പ്രതിനിധി സമ്മേളനം, വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം , പൊതുസമ്മേളനം , യാത്രയയപ്പ് – അനുമോദന സമ്മേളനങ്ങൾ എന്നിവ നടക്കും.
മാർച്ച് 5 ന് ജവഹർ ബാലഭവനിൽ സമ്പൂർണ സംസ്ഥാന കൗൺസിൽ, സംസ്ഥാന സമിതി എന്നിവയും നടക്കും.
പത്രസമ്മേളനത്തിൽ .സംസ്ഥാന പ്രസിഡൻറ്  എം സന്തോഷ് കുമാർ , സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം ജോർജ് , സംസ്ഥാന സമ്മേളന കൺവീനർ കെ ആർ മണികണ്ഠൻ, സംസ്ഥാന ട്രഷറർ ഡോ.മഹേഷ് ബാബു എസ് എൻ ,
തൃശ്ശൂർ  ജില്ലാ പ്രസിഡൻറ്  പി വി വേണുഗോപാൽ, എന്നിവർ പങ്കെടുത്തു.

Reporter
the authorReporter

Leave a Reply