കോഴിക്കോട്;ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾ പ്രമാണിച്ച് എൻ.എസ്.എസ് ക്യാമ്പുകൾ മാറ്റി വെച്ചു
എസ്.എസ്.എൽ.സി ഫലം ജൂൺ 15 ഓടു കൂടിയും ഹയർ സെക്കന്ററി ഫലം ജൂൺ 20 ഓടു കൂടിയും പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻ കുട്ടി. 2022- 23 അധ്യയന വര്‍ഷത്തെ സൗജന്യ കൈത്തറി സ്കൂൾ യൂണിഫോമിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ പരീക്ഷകൾ പരിഗണിച്ച് നേരത്തെ നിശ്ചയിച്ച എൻ.എസ്.എസ് ക്യാമ്പുകൾ മാറ്റി വെച്ചതായും മന്ത്രി പറഞ്ഞു.
2017-18 അധ്യയന വര്‍ഷത്തിലാണ് കൈത്തറി യൂണിഫോം പദ്ധതി ആരംഭിച്ചത്. ആദ്യ വർഷം സര്‍ക്കാര്‍ എല്‍.പി സ്കൂളിൽ നടപ്പിലാക്കിയ പദ്ധതിയിൽ രണ്ടാം വർഷം സര്‍ക്കാര്‍ യു.പി സ്കൂളുകളെ കൂടി ഉള്‍പ്പെടുത്തി. മൂന്നാമത്തെ വർഷം എയ്ഡഡ് എല്‍.പി സ്കൂളുകള്‍ കൂടി പദ്ധതിയുടെ ഭാഗമായി.
2022-23 അധ്യയന വർഷം സര്‍ക്കാര്‍ സ്കൂള്‍ വിഭാഗത്തിൽ 1 മുതല്‍ 4 വരെയുള്ള എല്‍.പി സ്കൂളുകൾക്കും 1 മുതല്‍ 5 വരെയുള്ള എല്‍.പി സ്കൂളുകൾക്കും 1 മുതല്‍ 7 വരെയുള്ള യു.പി സ്കൂളുകൾക്കും 5 മുതല്‍ 7 വരെയുള്ള യു.പി സ്കൂളുകൾക്കുമാണ് കൈത്തറി യൂണിഫോം നൽകുന്നത്. എയ്ഡഡ് സ്കൂള്‍ വിഭാഗത്തിൽ 1 മുതല്‍ 4 വരെയുള്ള എല്‍.പി സ്കൂളുകൾക്കാണ് കൈത്തറി യൂണിഫോം നൽകുന്നത്.
3,712 സര്‍ക്കാര്‍ സ്കൂളുകളിലും 3,365 എയ്ഡഡ് സ്കൂളുകളിലും അടക്കം ആകെ 7,077 സ്കൂളുകളിലെ 9,58,060 കുട്ടികള്‍ക്കാണ് കൈത്തറി യൂണിഫോം നല്‍കുന്നത്. ആകെ 42.08 ലക്ഷം മീറ്റര്‍ തുണിയാണ് വിതരണം ചെയ്യുന്നത്. ഈ വർഷം 120 കോടി രൂപയാണ് കൈത്തറി യൂണിഫോം പദ്ധതിക്കായി ചെലവഴിക്കുന്നത്.
പൊതു വിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ച് വളരെ പ്രാധാന്യമർഹിക്കുന്ന പ്രവർത്തനങ്ങളാണ് പാഠപുസ്തക അച്ചടി, വിതരണവും യൂണിഫോം വിതരണവും. രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മാതൃകാപരമായും സമയബന്ധിതമായും ഇവ നടത്തിവരുന്ന സംസ്ഥാനമാണ് കേരളം. കോവിഡ് പരിമിതിക്കുള്ളിലും അധ്യയന വർഷം ആരംഭിക്കുന്നതിനു മുമ്പ് തന്നെ പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാൻ തുടങ്ങി എന്നത് വലിയ നേട്ടമാണ്- മന്ത്രി പറഞ്ഞു.
കോഴിക്കോട് നടക്കാവ് ജി.വി.ജി.എച്ച്.എസ് സ്‌കൂളില്‍ നടന്ന ചടങ്ങിൽ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. മേയര്‍ ഡോ. ബീനാ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. രേഖ, വാർഡ് കൗൺസിലർ അൽഫോൻസ മാത്യു, മുൻ എം.എൽ.എ എ. പ്രദീപ് കുമാർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി.പി. മിനി, പ്രിൻസിപ്പൽ കെ. ബാബു, ജനപ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് സ്വാഗതവും പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു നന്ദിയും പറഞ്ഞു.