Saturday, January 25, 2025
General

ഗുജറാത്ത് ഗെയിമിങ് സെന്ററിലെ തീപിടിത്തം: മരണസംഖ്യ 27 ആയി ഉയർന്നു


ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിമിങ് സെന്ററിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി ഉയർന്നു. മരിച്ചവരിൽ 4 പേർ 12 വയസിന് താഴെയുള്ള കുട്ടികളാണ്. തീ നിയന്ത്രണ വിധേയമാക്കിയതായും രക്ഷാ പ്രവർത്തനം തുടരുന്നതായും ദൗത്യ സംഘം വ്യക്തമാക്കി. പരിക്കേറ്റവരെ രാജ്കോട്ടിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

മൃതദേഹങ്ങൾ പലതും കത്തിക്കരിഞ്ഞ നിലയിലാണ്. ആളുകളെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. താത്കാലികമായി നിർമിച്ച ഗെയിമിങ് സെൻ്ററിന് ഫയർ എൻഒസി ഇല്ലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. എഡിജിപിയുടെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. തീപിടിത്തത്തിൽ പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നതിനായി രാജ്‌കോട്ടിലെ എയിംസിൽ 30 ഐസിയു കിടക്കകൾ തയ്യാറാക്കിയിട്ടുണ്ട്.

ഇന്നലെ വൈകിട്ടാണ് നഗരത്തിലെ ടിആർപി ഗെയിമിങ് സെന്ററിൽ വൻ തീപിടിത്തമുണ്ടായത്. അപകടത്തെ തുടർന്ന് സ്ഥാപനത്തിന്റെ മാനേജർ നിതിൻ ജെയിൻ, സ്ഥാപനത്തിന്റെ മൂന്ന് പാർട്ണർമാരിൽ ഒരാളായ യുവരാജ് സിങ് സോളങ്ക എന്നിവരെ പൊലിസ് പിടികൂടിയിട്ടുണ്ട്. പ്രകാശ് ജെയിൻ, രാഹുൽ റാത്തോഡ് എന്നിവരാണ് ഗെയിമിങ് സോണിന്റെ മറ്റു പാർട്ണർമാർ. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്നും പൊലിസ് കമ്മീഷണര്‍ രാജു ഭാര്‍ഗവ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽപ്പെട്ടവർക്ക് ചികിത്സയിലോ നഷ്ടപരിഹാരത്തിലോ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ സാധ്യമായ എല്ലാ സഹായവും നൽകണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു.

രാഷ്‌ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി പ്രധാനമന്ത്രി സംസാരിച്ചു.


Reporter
the authorReporter

Leave a Reply