Thursday, December 26, 2024
Latest

അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിക്ക് കടലിനടിയിൽ നിന്നും അഭിവാദ്യം

DCIM100GOPROG0110243.JPG

നോളജ് സിറ്റി: തിങ്കളാഴ്ച മുതൽ മർകസ് നോളജ് സിറ്റിയിൽ ആരംഭിക്കാനിരിക്കുന്ന അന്താരാഷ്ട്ര സർവകലാശാലാ മേധാവികളുടെ ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് കടലിന്റെ അടിത്തട്ടിൽ നിന്നും അഭിവാദ്യം. കെയ്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗും, കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജാമിഅ മർകസും സംയുക്തമായി, ”കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിൽ അന്താരാഷ്ട്ര പങ്കാളിത്തം” എന്ന പ്രമേയത്തിൽ കോഴിക്കോട് നോളജ് സിറ്റിയിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിക്കാണ്, ലക്ഷദ്വീപ് തലസ്ഥാനമായ കവരത്തിയിലെ കടലിനടിയിൽ നിന്നും അഭിവാദ്യമർപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നയിടമായ കടലിലെ അടിത്തട്ടിൽ നിന്നും പവിഴപ്പുറ്റുകൾക്കിടയിൽ ചെന്ന് സമ്മിറ്റിന് അഭിവാദ്യം അർപ്പിച്ചത് ശ്രദ്ധേയമായി. കരയും, കടലും പോലെ ആഴക്കടലും പവിഴപ്പുറ്റുകളുമെല്ലാം സംരക്ഷിക്കപ്പെടണമെന്ന സന്ദേശം വിളിച്ചോതുന്നതായിരുന്നു ഇത്.

നാല്പത് രാജ്യങ്ങളിൽ നിന്നുള്ള വിവിധ സർവ്വകലാശാലകളിൽ നിന്നായി ഇരുനൂറിലേറെ പ്രതിനിധികളാണ് കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. നാളെ തിങ്കളാഴ്ച മുതൽ പത്തൊമ്പത് വരെ നീളുന്ന സമ്മിറ്റിന്റെ ആദ്യ ദിവസം, കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവഹിക്കും. മൂന്ന് ദിവസങ്ങളിൽ, എട്ട് സെഷനുകളിലായി നടക്കുന്ന സമ്മേളനത്തിൽ വിവിധ സർവ്വകലാശാലകളുടെ മേധാവികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും. അക്കാദമിക് ചർച്ചകൾക്ക് പുറമെ, കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിന് സഹായിക്കുന്ന കണ്ടുപിടുത്തങ്ങൾ, ഉത്പന്നങ്ങൾ, ഉപകരണങ്ങൾ, പദ്ധതികൾ തുടങ്ങിയവയുടെ എക്സിബിഷനും ഉണ്ടാകും. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച സുപ്രധാന നിലപാടുകൾ പ്രഖ്യാപിക്കുന്ന മലബാർ ക്ലൈമറ്റ് ആക്ഷൻ ഡിക്ലറേഷനും സമ്മിറ്റ് പുറത്തിറക്കും.

ലക്ഷദ്വീപ് കവരത്തിയിലെ അറ്റോൾ സ്ക്യൂബാ ഡൈവ് ടീമാണ് പരിപാടി സംഘടിപ്പിച്ചത്. അമീർ, അബ്ദുളളകോയ, സഹീർ, ഖലീൽ, താമിസ് തുടങ്ങിയവർ നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply