കോഴിക്കോട് : ലൈഫ് മിഷൻ പദ്ധതിയിൽ പണം അനുവദിച്ചിട്ടും സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് വീടിനുള്ള ധനസഹായം നിഷേധിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് പഞ്ചായത്തിന് നോട്ടീസയച്ചു.
തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജൂലൈ 24 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
നിർമ്മാണ സ്ഥലത്തിന് സമീപം പുഴയുണ്ടെന്ന് പറഞ്ഞാണ് രണ്ടു പെൺമക്കളുള്ള കുടുംബത്തിന് അധികൃതർ നീതി നിഷേധിക്കുന്നത്.
ടാർപ്പോളിൻ മറച്ച ഒറ്റമുറി വീട്ടിലാണ് ബാബുരാജും ഭാര്യയും രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബം 6 വർഷമായി താമസിക്കുന്നത്. ചുമരിന് പകരം വീടിന്റെ വശങ്ങൾ മറച്ചിരിക്കുന്നത് ബോർഡുകൾ ഉപയോഗിച്ചാണ്. മഴ ചെയ്താൽ ചോർന്നൊലിക്കും. ലൈഫ് പദ്ധതി പ്രകാരം വീടിന് തുക അനുവദിച്ചെങ്കിലും 82 മീറ്ററിന് അപ്പുറം പുഴയുണ്ടെന്ന കാരണം പറഞ്ഞ് നിർമ്മാണാനുമതി നിഷേധിച്ചു. എന്നാൽ അളവിൽ തെറ്റുണ്ടെന്നാണ് ബാബുരാജ് പറഞ്ഞത്. പുഴയിലേക്ക് 110 മീറ്റർ ഉണ്ടെന്നാണ് ബാബുരാജ് പറയുന്നത്. പെൺകുട്ടികളിൽ ഒരാൾ പി.ജി. ക്കും മറ്റെയാൾ ബിരുദത്തിനും പഠിക്കുന്നു. കൂലി പണിയെടുത്താണ് ബാബുരാജ് ജീവിക്കുന്നത്.
ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
*പ്രധാന വാർത്തകൾക്കായ് “നാനോ ന്യൂസ്” വാട്സ് അപ് ഗ്രൂപ്പ് ഫോളോ ചെയ്യുക*