Latest

ഫ്രഷ് കട്ട്; കര്‍ശന ഉപാധികളോടെ പ്ലാന്റിന് പ്രവര്‍ത്തനാനുമതി

Nano News

കോഴിക്കോട്:സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് കര്‍ശന ഉപാധികളോടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിസ്ട്രിക്ട് ലെവല്‍ ഫെസിലിറ്റേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (ഡിഎല്‍എഫ്എംസി)യുടേതാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വമിഷന്‍ പ്രതിനിധികള്‍ പ്ലാന്റില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.

പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്‌ക്കരണം 25 ടണ്ണില്‍ നിന്ന് 20 ടണ്ണായി കുറയ്ക്കും. ദുര്‍ഗന്ധം കുറയ്ക്കുന്നതിനായി വൈകുന്നേരം ആറു മണി മുതല്‍ രാത്രി 12 മണി വരെ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും. പഴകിയ അറവ് മാലിന്യങ്ങള്‍ പ്ലാന്റിലേക്ക് കൊണ്ടുവരുന്നത് പൂര്‍ണമായി നിര്‍ത്തിവയ്ക്കുകയും പുതിയ മാലിന്യങ്ങള്‍ മാത്രം സംസ്‌ക്കരിക്കുകയും ചെയ്യണം. പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങളുടെ കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറണം. സംസ്‌കരണ കേന്ദ്രത്തിലെ മലിനജല സംസ്‌ക്കരണ പ്ലാന്റായ ഇടിപിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഇതിനായി ഇടിപിയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ എന്‍ഐടിയില്‍ പരിശോധന നടത്തും.

ദുര്‍ഗന്ധം പരമാവധി കുറയ്ക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ കൗണ്‍സില്‍ ഓഫ് സയിന്റിഫിക്ക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ചിന്റെ (എന്‍ഐഐഎസ്ടി) സഹായത്തോടെ പഠനം നടത്തുകയും അതിനനുസൃതമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും.

മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വമിഷന്‍ പ്രതിനിധികള്‍ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കും. നിബന്ധനകള്‍ കര്‍ശനമായി പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പ്ലാന്റിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍, റൂറല്‍ എസ്പി ഇ കെ ബൈജു, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഇ ടി രാകേഷ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എക്‌സി. എഞ്ചിനീയര്‍ വി വി റമീന, എല്‍എസ്ജിഡി ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു ജോസ്, എന്‍ഐടിസി അസിസ്റ്റന്റ് പ്രൊഫസര്‍ ജി പ്രവീണ്‍ കുമാര്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ ജി എസ് അര്‍ജുന്‍, ഫ്രഷ് കട്ട് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply